തിരുവനന്തപുരം: തനിക്കെതിരായ അന്വേഷണത്തിൽ വിചിത്ര കത്തുമായി എഡിജിപി എംആർ അജിത് കുമാർ. അന്വേഷണം നടത്തുന്ന സംഘത്തിലെ ഐജിയും ഡിഐജിയും തന്നെ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് അജിത് കുമാർ ഡിജിപിക്ക് കത്ത് നൽകി. രണ്ട് ഉദ്യോഗസ്ഥരും ഡിജിപിയെ റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് കത്തിലെ ഉള്ളടക്കം. സർക്കാരോ ഡിജിപിയോ നിർദ്ദേശം നൽകുന്നതിന് പകരമാണ് സംവിധാനങ്ങളെ മറികടന്നുള്ള എഡിജിപിയുടെ കത്ത്. അതേസമയം, ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കുമെതിരായ പിവി അൻവർ എംഎൽഎ നൽകിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും.
പി ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്നുവെന്നുമാണ് പിവി അൻവറിന്‍റെ ആക്ഷേപം. ഇക്കാര്യം പരാതിയായി പാർട്ടി സെക്രട്ടറിയ്ക്കും നൽകിയിരുന്നു. ശശിയ്ക്കെതിരായ ഗുരുതര പരാതികൾ അന്വഷിക്കാൻ പാർട്ടി കമ്മീഷനെ വെക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകാനും സാധ്യത ഉണ്ട്.