വയനാട്: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട്. ഉത്തര മേഖലാ ഡിഐജിക്ക് എസ്പി റിപ്പോർട്ട് കൈമാറി. ഗോകുൽ ശുചിമുറിയിലേക്ക് പോയി പുറത്തു വരാൻ വൈകിയതിൽ ജാഗ്രത ഉണ്ടായില്ലെന്നും കൃത്യമായി നിരീക്ഷണം നടന്നില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. പോലീസ് പലതവണ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്ന് ഗോകുലിന്റെ ബന്ധുക്കൾ ആരോപിച്ചു. വീട്ടിൽ പലതവണ വന്നു. ഗോകുലിനെ കയ്യിൽ കിട്ടിയാൽ വെറുതെ വിടില്ലെന്ന് ഭീഷണി മുഴക്കി. പോലീസ് ഗോകുലിനോടൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്തെന്നും ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടുവളപ്പിൽ സംസ്കരിക്കാനുളള ഒരുക്കങ്ങൾ നടക്കുന്നതിനിടയാണ് ഗോകുലിന് 18 വയസ്സായില്ലെന്ന വിവരം പുറത്തുവന്നത്. എഫ്ഐആറിൽ ജനന വർഷം മാത്രമാണ് രേഖപ്പെടുത്തിയതെന്നും പോലീസ് നടപടികളിലും മരണത്തിലും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.