പത്തനംതിട്ട : കോന്നി, കുളത്തുമണ്ണിൽ കാട്ടാന ഷോക്ക് ഏറ്റ് ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് അതിൽ പ്രതി എന്ന് സംശയിക്കുന്ന വ്യക്തിയെ കസ്റ്റഡിയിൽ എടുത്ത് മൊഴിയെടുക്കുവാൻ പാടം ഫോറസ്റ്റ് സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ ബലമായി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും മോചിപ്പിച്ച് കൊണ്ടുപോകുകയും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഭീഷണപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാറിന്റെ ധിക്കാര നടപടി അങ്ങേയറ്റം അപലപനീയവും അധികാരത്തിന്റെ അഹന്തയും ധിക്കാരവും ആണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജില്ലയിലെ സി.പി.എം നേതാക്കൾ ക്രിമിനലുകളെ പാർട്ടിയിൽ സ്വീകരിച്ച് സംരക്ഷിക്കുക മാത്രമല്ല സ്വയം ക്രിമിനലുകളും ഗുണ്ടകളും ആയി മാറുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എം.എൻ.എയുടെ തെരുവ് ഗുണ്ടകളെപ്പോലും ലജ്ജിപ്പിക്കുന്ന അസഭ്യവർഷവും ഭീഷണിയും ഗുണ്ടായിസവും എന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
2023 ഫെബ്രുവരിയിൽ കോന്നി സിവിൽ സ്റ്റേഷനിൽ എത്തി എം.എൽ.എ റവന്യു ഉദ്യോഗസ്ഥരെ ഇതുപോലെ ഭീഷണപ്പെടുത്തിയ സംഭവം ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാർ എം.എൽ.എ-യെ സംരക്ഷിക്കുകയാണ് ഉണ്ടായതെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഓർമ്മിപ്പിച്ചു. കാട്ടാന ചരിഞ്ഞ സംഭവത്തിൽ നിയമപരമായ അന്വേഷണം അനിർവാര്യമാണെന്നതുപോലെ നിരപരാധികളെ ശിക്ഷിക്കാതിരിക്കാൻ ഗൗരവപൂർണ്ണമായ ജാഗ്രത ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയോര പ്രദേശങ്ങളിൽ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും കാർഷിക വിളകൾക്കും സംരക്ഷണം നല്കുന്നതിൽ സമ്പൂർണ്ണ പരാജയമായ സംസ്ഥാന സർക്കാരിനെക്കൊണ്ട് ക്രിയാത്മകമായ നടപടികൾ സ്വീകരിപ്പിക്കുന്നതിനു പകരം ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ നിയപരമായ നടപടികൾ സ്വീകരിക്കുവാൻ ബാദ്ധ്യതപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെമേൽ കുതിരകയറി ഷോ കാണിക്കുന്ന എം.എൽ.എയുടെ നടപടി തരംതാണതും അവമതിപ്പ് ഉണ്ടാകുന്നതുമാണെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പാടം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ആന ഷോക്ക് ഏറ്റ് ചരിഞ്ഞ സംഭവത്തിൽ പ്രതി എന്ന് സംശയിക്കുന്ന ആളെ മൊഴി എടുക്കുവാൻ പോലും അനുവദിക്കാതെ ബലമായി മോചിപ്പിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണപ്പെടുത്തുകയും ചെയ്ത എം.എൽ.എയുടെ നടപടി നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്നും ഇതേക്കുറിച്ച് സർക്കാർ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.