പഴകുളം : പഴകുളം ജംഗ്ഷന് സമീപം കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ വലതുകര മെയിൻ കനാലിൽ കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ സാമൂഹ്യവിരുദ്ധർ ഒന്നിലധികം വാഹനങ്ങളിലായി കക്കൂസ് മാലിന്യം തള്ളിയതിനെ തുടർന്ന് എസ്.ഡി.പി.ഐ പള്ളിക്കൽ പഞ്ചായത്ത് കമ്മറ്റി കെ.ഐ. പി ചാരുമൂട് ഓഫീസ് അസിസ്റ്റന്റ് എൻജിനീയർക്കും പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് സെകട്ടറിക്കും നിവേദനം സമർപ്പിച്ചു. മാലിന്യം കനാലിലൂടെ ഒഴുകി പരന്ന് കിലോമീറ്ററോളം വ്യാപിച്ചതിനാൽ കനാലിന്റെ ഇരുവശത്തെയും കിണറുകളിലും ജല സ്രോതസ്സുകളിലും ഉൾപ്പെടെ ഈ മാലിന്യങ്ങൾ അടങ്ങിയ ജലം കലർന്നിരിക്കുകയാണ്. ഈ പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ ഉപയോഗിക്കുന്ന കിണറുകളിലെ ജലം അടിയന്തിരമായി പരിശോധനക്ക് വിധേയമാക്കണമെന്നും പകർച്ചവ്യാധികളും മറ്റു അസുഖങ്ങും വരാതിരിക്കാൻ വേണ്ട നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
കനാൽ ഭാഗത്ത് നിരന്തരമായി കക്കൂസ് മാലിന്യം, കോഴി വേസ്റ്റ്, മീൻ വേസ്റ്റ്, ആശുപത്രി മാലിന്യങ്ങൾ, എന്നിവ നിക്ഷേപിക്കുന്നത് കനാലിന്റെ ഇരുകരകളും അകത്തുമുള്ള കാട് വെട്ടി വൃത്തിയാക്കാത്തതിനാലാണ്. ഈ ഭാഗങ്ങളിൽ ഉപേക്ഷിക്കുന്ന മാലിന്യം ഭക്ഷിക്കുന്നതിന് വേണ്ടി തെരുവുനായ്ക്കളും കാട്ടുപന്നികളും പെരുപാമ്പുകളുടെയും മറ്റും സാന്നിധ്യം പ്രദേശത്തെ ജനങ്ങളിൽ ഭീതി വളർത്തുകയാണ്. കനാലിലെ ഇരുകരകളിലെയും കാടുകളും മരങ്ങളും വെട്ടി കനാൽ ശുചീകരിച്ചു പൊതുജനങ്ങൾക്ക് ഉപയോഗിക്കത്തക്ക രീതിയിൽ ആക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളുക, പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നിയമനടപടി കൈക്കൊള്ളുക, സൂചന ബോർഡുകൾ സ്ഥാപിക്കുക, വിവിധ ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ എസ്ഡിപിഐ ആവശ്യപ്പെട്ടു. എസ്.ഡി.പി ഐ ജില്ലാ ജനറൽ സെക്രട്ടറി ഷാജി. പഴകുളം, പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീവ് അയത്തികോണിൽ, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഷാജു. ജെ കമ്മറ്റി അംഗങ്ങളായ . നൗഷാദ്. എച്ച് പഴകുളം, റഫീഖ്, ബൈജു, സാജിദ് എന്നിവർ സന്നിഹിതരായിരുന്നു.