കോഴിക്കോട്; കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി ഐസിയുവിൽ പീഡനത്തിനിരയായ സംഭവത്തിൽ വനിത കമ്മീഷന് റിപ്പോർട്ട് നൽകാതെ കോഴിക്കോട് മെഡിക്കൽ കോളജ്. തുടർച്ചയായി രണ്ട് തവണയും റിപ്പോർട്ട് നൽകിയില്ല. സംഭവത്തിൽ മെഡിക്കൽ കോളേജിനോട് വിശദീകരണം തേടുമെന്നും ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. മെഡിക്കൽ കോളേജിലെ ഐ സി യുവിൽ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അഞ്ച് ജീവനക്കാരെ സസ്‌പെൻറ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവരുടെ സസ്‌പെൻഷൻ പിൻവച്ചിരുന്നു. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ചോദിച്ചാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്.
കഴിഞ്ഞ മാസം 27ന് കോഴിക്കോട് നടന്ന വനിത കമ്മീഷൻ സിറ്റിംഗിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. അന്ന് മെഡിക്കൽ കോളേജ് റിപ്പോർട്ട് നൽകിയില്ല. തുടർന്നാണ് ഇന്ന് നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് നൽകാൻ വീണ്ടും നിർദ്ദേശിച്ചത്. പക്ഷേ മെഡിക്കൽ കോളജ് അധികൃതർ ഇന്നും റിപ്പോർട്ട് നൽകിയില്ല. തുടർച്ചയായി റിപ്പോർട്ട് നൽകാത്തതിൽ വിശദീകരണം തേടി വീണ്ടും നോട്ടീസയയ്ക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കഴിഞ്ഞ രണ്ട് സിറ്റിംഗിലും പരാതിക്കാരി കലക്ട്രേറ്റിലെത്തി അദാലത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് അധികൃതർ സിറ്റിങ്ങിൽ പങ്കെടുക്കാത്തതിനാൽ യുവതി മടങ്ങിപ്പോവുകയായിരുന്നു.