ഡല്‍ഹി : തെരഞ്ഞെടുപ്പ് സഖ്യധാരണ പൂർത്തിയായ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ ‘ഇൻഡ്യ’ മുന്നണിയിൽ തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും സംയുക്ത റാലികളും ഉടൻ പ്രഖ്യാപിക്കും. നാല് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സീറ്റ് ധാരണയിൽ എത്തിയത്. തർക്കം തുടരുന്ന സംസ്ഥാനങ്ങളിൽ ചർച്ചകൾ നടത്തി പ്രശ്ന പരിഹാരത്തിനാണ് കോൺഗ്രസ് നീക്കം ഇപ്പോൾ നടത്തുന്നത്.
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇന്ന് പങ്കെടുക്കും. ആഗ്രയിൽ അഖിലേഷ് യാത്രയുടെ ഭാഗമാകും. അലിഗഡിൽ നിന്ന് ആഗ്രയിലേക്കാണ് ഇന്നത്തെ പര്യടനം. അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത് ‘ഇൻഡ്യ’ മുന്നണിക്ക് യുപിയിൽ കരുത്ത് പകരും എന്നാണ് വിലയിരുത്തൽ.