തിരുവനന്തപുരം : വിമർശനങ്ങളെ പ്രതിരോധിക്കാൻ മറ്റ് ആയുധം ഇല്ലാതാകുമ്പോൾ പോലീസിനെ അഴിച്ചുവിടുക എന്ന ട്രെൻഡ് ആണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ എടുത്തതിനെ തുടർന്ന് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ കണ്ടത് കേരള പോലീസിന്റെ ക്രൂരമായ ഒരു മുഖം തന്നെയായിരുന്നു. പ്രതിപക്ഷ പാർട്ടികളോട് സർക്കാരിനുള്ള അമർഷം പോലീസിലൂടെ അടിച്ച് ഒതുക്കുകയാണ്. മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും ഗുണ്ടാ സംഘമായി സേനയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ മാറിയിരിക്കുകയാണ്. ഇതിന് ഒരിക്കൽ കൂടി ആക്കം കൂട്ടുന്നതാണ് ജി ശക്തിധരന്റെ ഏറ്റവും ഒടുവിലെ വെളിപ്പെടുത്തൽ. തനിക്കെതിരായുള്ള സൈബർ ആക്രമണങ്ങൾക്കും ഭീഷണിക്കും കൂട്ടുനിൽക്കുന്നത് പോലീസിലെ ഒരു കൂട്ടം ആളുകളാണ് എന്നായിരുന്നു ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ പറയുന്നത്.
തങ്ങളെ അനുകൂലിക്കുന്നവർക്ക് ഒരു നീതിയും തങ്ങളെ എതിർക്കുന്നവർക്ക് മറ്റൊരു രീതിയുമാണ് സർക്കാർ സ്വീകരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ പകപോക്കലിന്റെ രാഷ്ട്രീയം. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഇരട്ട നീതിയാണ് കേരളത്തിൽ സിപിഎം സർക്കാർ നടത്തി പോരുന്നത്. പോലീസിനെ ഉപയോഗിച്ച് കള്ളക്കേസുകൾ എടുത്തു അടിച്ചമർത്തിയും തങ്ങളെ വിമർശിക്കുന്നവരെ നേരിടാം എന്നാണ് സർക്കാരിന്റെ വിചാരം. അതിനായി പോലീസ് സേനയെ ദുരുപയോഗം ചെയ്യുന്നു എന്ന് മാത്രം. കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിപദം അലങ്കരിച്ചപ്പോൾ നല്ല പാഠം പഠിച്ച പോലീസുകാർ ഉൾപ്പെടെ ഇപ്പോൾ തലതിരിഞ്ഞു പോയ അവസ്ഥയാണ്. കഴിഞ്ഞദിവസം തലസ്ഥാനത്ത് സംഘടിപ്പിച്ച കോൺഗ്രസ് മാർച്ചിൽ യാതൊരു പ്രകോപനവും കൂടാതെയാണ് പ്രവർത്തകരോടുള്ള പോലീസിന്റെ സമീപനം. സമാധാനപരമായി പ്രതിഷേധിച്ച വനിത നേതാക്കൾ ഉൾപ്പെടെയുള്ളവരെ വലിച്ചിഴച്ചും ലാത്തിചാർജ് പ്രയോഗിച്ചുമാണ് പോലീസ് അമർഷം പ്രകടിപ്പിച്ചത്. സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് കെ ഫൈസലിന്റെ തലയ്ക്ക് പരിക്കേറ്റ സംഭവത്തിനും മലയാളികൾ ദൃക്സാക്ഷികൾ ആയതാണ്. ഇത്തരത്തിൽ വിവിധ ജില്ലകളിലായി സംഘടിപ്പിച്ച മാർച്ചിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
ഇത് ആദ്യത്തെ സംഭവമല്ല. പോലീസിന്റെ ഗുണ്ടാവിളയാട്ടം ഇതിനുമുൻപും ഉണ്ടായിട്ടുണ്ട്. കോട്ടയത്ത് പി ജി സർട്ടിഫിക്കറ്റ് ഫോമുകൾ കാണാതായതിൽ പ്രതിഷേധിച്ച് എം ജി സർവകലാശാലയിലേക്ക് മാർച്ച് നടത്തിയ കെ എസ് യു പ്രവർത്തകർക്ക് നേരെ പോലീസ് കേട്ടാൽ അറക്കുന്ന അസഭ്യവർഷം നടത്തിയതും ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വിലക്ക് ഏർപ്പെടുത്തുന്ന സമീപനമാണ് ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ കാണുവാൻ സാധിക്കുന്നത്. സിപിഎമ്മിനെതിരെ ജി ശക്തിധരന്റെ തുറന്നുപറച്ചിലുകള്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന അവസ്ഥയിലാണ് പോലീസിനെ ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തല്‍.
വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ഇന്‍റര്‍നെറ്റ് കോളുകളിലൂടെ ഭീഷണിയും അസഭ്യവര്‍ഷവും തുടരുകയും പോലീസിലെ ചില നീചന്മാര്‍ അതിന് വഴിയൊരുക്കുകയും ചെയ്യുന്നതെന്ന് ശക്തിധരന്‍ പറയുന്നു. ചില തുറന്നു പറച്ചിലുകള്‍ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാവുന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സേവന മികവില്‍ കേരള പോലീസ് ഒന്നാമതാണെന്നത് സംശയമില്ല. എന്നാല്‍ സേനയുടെ മികവുകള്‍ക്ക് ഭംഗം വരുത്തുന്ന പ്രവര്‍ത്തിയാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. മലയാളക്കരയാകെ ഒന്നടങ്കം കൈയ്യടിച്ച നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച വച്ച പോലീസ് സേന രണ്ടാം പിണറായി സര്‍ക്കാരിന്റെ ഗുണ്ടസംഘമായി മാറുന്നത് കേരളത്തെ നിരാശയിലാഴ്‌ത്തുന്നു.