മൂന്നാർ : ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തോടുള്ള നിലപാട് ആവർത്തിച്ച് എം എം മണി എം.എൽ.എ. ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യരുതെന്നും തെറ്റായ നിലയിൽ കാര്യങ്ങൾ വന്നാൽ ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും എം.എം മണി പറഞ്ഞു. ഇടുക്കിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതിൽ എംഎം മണിയടക്കമുള്ള സിപിഎം ജില്ല നേതാക്കൾ നേരത്തെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ദൗത്യ സംഘം വന്ന് പോകുന്നതിന് തങ്ങൾ എതിരല്ലെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാൻ വന്നാൽ തുരത്തുമെന്നും നേരത്തെ എംഎം മണി വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെ ജില്ലയിലെ കയ്യേറ്റ മാഫിയയെ തളയ്ക്കണമെന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലർക്ക് സമനില തെറ്റുമെന്നും സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ കെ ശിവരാമൻ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന വിഷയത്തിൽ സിപിഎമ്മും സിപിഐയും രണ്ടുതട്ടിലാണെന്ന വിമർശനങ്ങൾക്കിടെയാണ് ഇക്കാര്യത്തിൽ നിലപാട് ആവർത്തിച്ച് എം.എം മണി രംഗത്തെത്തിയത്. മൂന്നാറിലേത് പുതിയ ദൗത്യമാണെന്നും വിഎസ് ഭരണകാലത്തേതുപോലെ ഇടിച്ചു പൊളിക്കൽ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എംഎം മണി പറഞ്ഞു. വൻകിട കയ്യേറ്റക്കാരുടെ ലിസ്റ്റ് ഉദ്യോഗസ്ഥുടെ കയ്യിലുണ്ട്. അതായിരിക്കും പരിശോധിക്കുക.
ജില്ലയിലെ എൽഡിഎഫിൻറെ നിലപാടും അതാണ്. വൻകിട കയ്യേറ്റങ്ങൾ പരിശോധിച്ച് നിയമപരമായി നടപടി സ്വീകരിക്കണമെന്നും അല്ലാതെ ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യരുതെന്നും തെറ്റായ നിലയിൽ കാര്യങ്ങൾ വന്നാൽ ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും എംഎം മണി പറഞ്ഞു. മുഖ്യമന്ത്രി പിണറായിയും റവന്യു മന്ത്രി കെ രാജനുമാണ്. അതിനാൽ തന്നെ തെറ്റായ നിലയിൽ കാര്യങ്ങൾ ചെയ്യുമെന്ന് കരുതുന്നില്ല. മുൻപ് വന്ന് തോന്നിയതു പോലെ ഇടിച്ചു നിരത്തിയതിൻറെ ഫലം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. മുമ്പത്തെ ഇടിച്ചുനിരത്തലുമായി ബന്ധപ്പെട്ട കേസുകളെല്ലാം തോറ്റു കൊണ്ടിരിക്കുകയാണ്. സർക്കാർ കോടിക്കണക്കിനു രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. നിയമം പാലിക്കാതെ തോന്നിയതുപോലെ ചെയ്തതിനാലാണിത്. ഗുണ്ടകളെപ്പോലെ ഇടിച്ചുനിരത്തൽ അല്ലല്ലോ ഉദ്യോഗസ്ഥരുടെ പണിയെന്നു എം.എം മണി ചോദിച്ചു.
കെ കെ ശിവരാമൻ പറയുന്ന വൻകിട കയ്യേറ്റങ്ങൾ അദ്ദേഹം തന്നെ നേരിട്ടു വന്ന് കാണിച്ചു കൊടുക്കട്ടെയെന്നും അദ്ദേഹത്തിൻറെ കൂടെ സർക്കാർ അല്ലേ ഭരിക്കുന്നതെന്നും കെകെ ശിവരാമൻറെ വിമർശനങ്ങൾക്കുള്ള മറുപടിയായി എംഎം മണി പറഞ്ഞു. മോട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി സമരം നടത്തട്ടെ. നെടുങ്കണ്ടത്തെ ഉദ്യോഗസ്ഥൻ വാഹന ഉടമകളെ അന്യായമായി ദ്രോഹിച്ചതിനാലാണ് പ്രതികരിച്ചത്. ഇത് തുടർന്നാൽ ഇനിയും അധിക്ഷേപിക്കും. ഉദ്യോഗസ്ഥന്മാർ പണപ്പിരിവിന് തോന്ന്യാസം ചെയ്താൽ എതിർക്കാൻ തനിക്ക് ഒരു പേടിയുമില്ല. അവർ രാഷ്ട്രീയം ആണ് കളിക്കുന്നത്. അവർ ചെയ്യുന്നതിന് പിണറായിയുടെ പേര് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും എംഎം മണി പറഞ്ഞു.