കല്ലാച്ചി : നീണ്ട ഇടവേളയ്ക്കുശേഷം സ്കൂളുകൾ തുറന്നപ്പോൾ വിദ്യാർഥികളുടെ യാത്ര വെല്ലുവിളിയാകുന്നു. കർശന മാനദണ്ഡം കാരണം മിക്ക സ്കൂളുകൾക്കും ബസ് സർവീസ് നടത്താൻകഴിയാത്ത അവസ്ഥയാണ്. എൽപി, യുപി സ്കൂൾവിദ്യാർഥികൾ കൂടുതലായും ആശ്രയിക്കുന്നത് സ്കൂൾബസുകളെയാണ്. ഹൈസ്കൂൾമുതൽ ഹയർ സെക്കൻഡറിവരെയുള്ള വിദ്യാർഥികൾ സ്കൂൾബസുകൾക്ക് പുറമേ സ്വകാര്യബസുകളെയുമാണ് യാത്രയ്ക്കായി ആശ്രയിക്കുന്നത്.
മലയോരമേഖലകളിൽ ടാക്സിജീപ്പുകളും ഓട്ടോറിക്ഷകളുമാണ് പ്രധാന ആശ്രയം. എന്നാൽ സർക്കാർ പുറത്തിറക്കിയ പുതിയ കർശന മാനദണ്ഡങ്ങളാണ് വിദ്യാർഥികൾക്ക് വിനയായിരിക്കുന്നത്. ഒരു സീറ്റിൽ ഒരാൾമാത്രമേ പാടുള്ളൂ എന്നാണ് പുതിയ നിർദേശം. ഈ മാനദണ്ഡപ്രകാരം സ്കൂൾബസ് ഓടിക്കുക എന്നത് അപ്രായോഗിക കാര്യമാണെന്ന് സ്കൂളധികൃതർ പറയുന്നു. നിലവിൽ കൂടുതൽ സ്കൂളുകളുടെ സർവീസ് നടത്തുന്നത് 16 സീറ്റുകളുള്ള മിനിബസുകളാണ്. ഇത്തരം ബസുകളിൽ രണ്ടുപേർക്ക് ഇരിക്കാവുന്ന അഞ്ചുസീറ്റുകളും നാലുപേർക്ക് ഇരിക്കാവുന്ന ഒരുസീറ്റും ഒരു ഡ്രൈവർസീറ്റുമാണുള്ളത്. ഒരുസീറ്റിൽ ഒരുകുട്ടി എന്ന രീതിയിൽ സർവീസ് നടത്തിയാൽ എട്ടുകുട്ടികളെ മാത്രമേ ഒരുട്രിപ്പിൽ സ്കൂളിലെത്തിക്കാൻ കഴിയൂ.
38 സീറ്റുള്ള ബസിൽ ഒരുസമയം ഇരുപതിൽതാഴെമാത്രം വിദ്യാർഥികളെ കയറ്റാൻകഴിയൂ. മിനിബസിന് ഒരു ട്രിപ്പിന് 15 മുതൽ 40 മിനിറ്റുവരെ സമയമെടുക്കന്നതിനൊപ്പം 300 മുതൽ 600 രൂപയുടെ ഇന്ധനവും ആവശ്യമായിവരും. വലിയ ബസുകളാണെങ്കിൽ ഇതിന്റെ രണ്ടിരട്ടി ഇന്ധനവും സമയവും ചെലവുവരും. ഇത് പല സ്കൂളുകൾക്കും അപ്രായോഗികമായതിനാൽ ബസ് സർവീസ് നടത്തേണ്ടെന്ന നിലപാടിലാണ് പല സ്കൂളുകളും.
സാമ്പത്തികബാധ്യതയ്ക്ക് പുറമേ മുഴുവൻ വിദ്യാർഥികളെയും രാവിലെ ക്ലാസ് തുടങ്ങുന്നതിനുമുമ്പേ സ്കൂളിലെത്തിക്കാൻ കഴിയാത്തതാണ് അധികൃതരെ ഇത്തരം കടുത്ത തീരുമാനങ്ങളെടുക്കാൻ പ്രേരിപ്പിച്ചത്. 50 മുതൽ 500 വിദ്യാർഥികളെ പത്തുമണിക്ക് മുമ്പേ സ്കൂളുകളിലെത്തിക്കാൻ ഓരോ ബസിനും അരമണിക്കൂർമുതൽ മൂന്നുമണിക്കൂർവരെ മാത്രമാണ് സമയം ലഭിക്കുന്നത്. സ്കൂൾബസുകളുടെ അഭാവത്തിൽ വീട്ടിൽ വാഹനമില്ലാത്ത വിദ്യാർഥികൾ പൊതുഗതാഗതസംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരും.
ഇങ്ങനെ വരുമ്പോൾ സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാൻ കഴിയില്ല. ഇത് വിദ്യാർഥികൾക്ക് കടുത്ത ദുരിതങ്ങൾക്ക് ഇടയാക്കാം. സ്കൂൾബസുകൾക്കുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുനഃപരിശോധിച്ചാൽ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാൻ സാധിക്കും. ഒന്നരവർഷമായി ഷെഡ്ഡിൽ കയറ്റിയിട്ട മിക്കവാഹനങ്ങളും അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാൻ കടമ്പകൾ ഏറെ കടക്കാനുണ്ട്. ലക്ഷങ്ങളുടെ അറ്റകുറ്റപ്പണിയാണ് ഓരോ ബസിനും നിലവിലുള്ളത്, ഇൻഷൂർ, ടാക്സ്, ക്ഷേമനിധി, സ്പീഡ് ഗവേണർ, ജിപിഎസ് എന്നിവയുടെ ചെലവ് വേറെയും വരും.