ചാത്തൻതറ: കുരുമ്പന്‍മൂഴി പനംകുടന്ത അരുവിയുടെ സമീപം തോട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ സമീപവാസിയായ സ്ത്രീ തുണി കഴുകാന്‍ എത്തിയപ്പോഴാണ് രാജവെമ്പാല തോട്ടിലെ വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. വേനല്‍ക്കാലം കടുത്തതോടെ പരിസരവാസികൾ തുണി അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന തോട്ടിലാണ് രാജവെമ്പാലയെ കണ്ടത്. നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിൻ്റെ ദ്രുതകർമ്മ സേനയെത്തി രാജവെമ്പാലയെ വലയിലാക്കി.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഏറെ നേരത്തേ പരിശ്രമഫലമായാണ് രാജവെമ്പാല വലയിലായത്. നിരവധി ആളുകൾ എത്തിച്ചേരുന്ന തോട്ടിൽ ഏറ്റവും നീളമേറിയ വിഷപാമ്പായ രാജവെമ്പാലയെ കണ്ടതിൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്. വനത്തിനുള്ളിൽ ചൂട് കൂടിയതിനാൽ വെള്ളം കുടിക്കാൻ രാജവെമ്പാല തോട്ടിലിറങ്ങിയതാംകാമെന്നാണ് വനം വകുപ്പിൻ്റെ നിഗമനം. വളരെ വിസ്താരമേറിയ ഇടങ്ങളിൽ സഞ്ചരിക്കുന്ന കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യ സാന്നിധ്യം ഉള്ളിടത്ത് കാണാത്തവയാണെന്നാണ് പറയുന്നത്.