കോന്നി : സർക്കാർ നിർദേശിക്കപ്പെട്ടിലുള്ള സുരക്ഷാ പരിശോധനകൾ പാലിക്കാതെയും നടപ്പിലാക്കാതെയുമാണ് നാളിതുവരെയും ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന കോന്നി ഇക്കോ ടൂറിസം കേന്ദ്രവും അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും പ്രവർത്തിച്ചത്. ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് 2002 ൽ പൊതുവായ മാർഗ്ഗ നിർദേശങ്ങൾ വനം വകുപ്പ് തയ്യാറാക്കിയിരുന്നു. തുടർന്ന് പി പുകഴേന്തി ഐ എഫ് എസ് ഇക്കോ ടൂറിസം അഡീഷണൽ പിസി സി എഫ് ആയിരിക്കേ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് പ്രത്യേകം മാർഗനിർദേശങ്ങളും സുരക്ഷാ ഓഡിറ്റും ഉൾപ്പെടെ നിർദേശിച്ചിരുന്നു.
വനംവകുപ്പിലെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, പൊതുമരാമത്ത്, ടൂറിസം, ഹെൽത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരായ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഘമാണ് ഈ സുരക്ഷാ ഓഡിറ്റ് നടത്തേണ്ടതൊന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ കോന്നിയിൽ അടക്കമുള്ള മിക്ക ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള സുരക്ഷ ഓഡിറ്റിങ് നടന്നിട്ടില്ല. ദക്ഷിണാ വനമേഖല (കൊല്ലം ) സി സി എഫ് ചെയർമാനും കോന്നി ഡി എഫ് ഒ എക്സിക്യൂട്ടീവ് ഓഫീസറും ആയിട്ടുള്ള കോന്നി വനവികാസ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ട്ടൂറിസം സെന്ററിലും ഇത്തരത്തിലുള്ള സുരക്ഷ ഓഡിറ്റ് നടത്തിയിട്ടില്ല. ഇവിടുത്തെ സുരക്ഷാക്രമീകരണങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്താതെയാണ് ഇവിടേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നത്. മേൽ ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയാണ് ഇതിന് പിന്നിലുള്ളത്.
അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും യാതൊരുവിധത്തിലുള്ള സുരക്ഷാ പരിശോധനകളും നടത്തുന്നില്ല. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികളും കാലപ്പഴക്കം ചെന്നവയാണ് എന്നാണ് അറിയുന്നത്. കോന്നി ആനത്താവളത്തിനുള്ളിൽ കുട്ടികൾക്ക് വേണ്ടിയുള്ള പാർക്കിലെ റൈഡുകൾ അടക്കമുള്ളവ തുരുമ്പിച്ച് നാശാവസ്ഥയിൽ ആണെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല അപകടകരമായ മരച്ചില്ലകളും മുറിച്ചു നീക്കിയിട്ടില്ല. ആനത്താവളത്തിനുള്ളിലെ മരങ്ങൾ പലതും ചുവടു ദ്രവിച്ചവയും ചില്ലകൾ ഒടിയാറായതുമാണ്. സവാരി കേന്ദ്രത്തിലെ കുട്ടഞ്ചികൾ പലതും ജീർണാവസ്ഥയിൽ ആയിട്ടും അപകട സാധ്യത ഏറെയുള്ള പഴയ കുട്ടവഞ്ചികളിൽ ആണ് കുട്ടവഞ്ചി സവാരികൾ നടത്തുന്നത്. കുത്തൊഴുക്കുള്ള കല്ലാറ്റിൽ ജീർണാവസ്ഥയിൽ ആയ കുട്ടവഞ്ചികൾ ഉപയോഗിച്ച് സവാരി നടത്തുന്നത് സഞ്ചാരികളുടെ ജീവനും ഭീഷണിയാണ്. എന്നാൽ നാളിതുവരെയായിട്ടും ഈ വിഷയത്തിൽ സുരക്ഷ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് അധികൃതർ തയ്യാറായിട്ടില്ല.