വയനാട്: സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം വയനാട് ജില്ലയിൽ മേപ്പാടി പരൂർകുന്നിൽ യാഥാർഥ്യമായി. ആദിവാസി ജനവിഭാഗത്തിൻ്റെ ക്ഷേമത്തിനും പുരോഗതിയ്ക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കിയ സ്വപ്നപദ്ധതിയാണ് പരൂർകുന്നിൽ പൂർത്തീകരിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറി. ഭൂരഹിതരായ 110 കുടുംബങ്ങൾക്കാണ് വീടുകൾ കൈമാറിയത്. മേപ്പാടി, മുട്ടില്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് 10 സെന്റ് ഭൂമിയില്‍ ആറ് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചത്.
480 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് ബെഡ്‌റൂം, ഒരു ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ , ശുചിമുറി, വരാന്ത എന്നിവയാണ് വീട് നിര്‍മ്മാണത്തില്‍ ഉള്‍പ്പെട്ടത്. 41.50 ലക്ഷം രൂപ ചെലവിട്ടാണ് വീടുകളിലെ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയത്. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെള്ളം, റോഡ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഭവനപദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ അങ്കന്‍വാടി, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, വായനശാല, ആരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹാള്‍ സ്വയം തൊഴില്‍ സംരംഭം എന്നിവ കൂടി നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.