കോന്നി : നിയമം കര്‍ശനമായി നടപ്പിലാക്കുന്നത് പാവപ്പെട്ടവന്റെ അടുക്കല്‍ മാത്രം. പണവും സ്വാധീനവും ഉള്ളവന്റെ മുമ്പില്‍ നിയമം വഴിമാറുകയും ചെയ്യും. പയ്യനാമൺ – ആമക്കുന്ന് റോഡിൽ പ്രായമായ അമ്മക്ക് വേണ്ടി മകൻ നിർമ്മിച്ച് നൽകിയ മാടക്കട റോഡ് വികസനത്തിന്റെ പേരിൽ പി.ഡബ്ള്യു.ഡി പൊളിച്ച് നീക്കിയത് യാതൊരു ദാക്ഷണ്യവും ഇല്ലാതെയെന്ന് പരാതി. റോഡ് പണിയുടെ പേരില്‍ കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ കോടികള്‍ ഒഴുകി മാറുകയാണ്. നിലവാരമില്ലാത്ത റോഡുകള്‍ നിര്‍മ്മിക്കുന്ന കരാറുകാരനെതിരെ പ്രയോഗിക്കുവാന്‍ പൊതുമരാമത്തിലെ സാറന്മാര്‍ക്ക് നിയമവും ചട്ടവും അറിയില്ല. എന്നാല്‍ പാവപ്പെട്ടവന്റെ അടുക്കല്‍ ഇല്ലാത്ത നിയവും വല്ലാത്ത ചട്ടങ്ങളും അടിച്ചേല്‍പ്പിക്കും. ഇതാണ് പയ്യനാമണ്ണിലും കണ്ടത്.
പയ്യനാമൺ കുഴിപതാലിൽ കെ ജയൻ അദ്ദേഹത്തിന്റെ അമ്മ ഇന്ദിരക്ക് വേണ്ടി നിർമ്മിച്ച് നൽകിയതാണ് ഈ മാടക്കട. റോഡ് വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് റോഡ് വിഭാഗം ഈ മാടക്കട മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് മാറ്റുകയായിരുന്നു. കടയ്ക്കുള്ളിൽ ഇവർ കച്ചവടത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന സാധനകളും പണവും അടക്കമാണ് ഇവർ കൊണ്ടുപോയതെന്ന് ഇവര്‍ പറയുന്നു. വർഷങ്ങൾക്ക് മുൻപ് നടന്ന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ദിരയുടെ കയ്യിലും കാലിലും കമ്പി ഇട്ടിരിക്കുന്നതിനാൽ ഇവർക്ക് മറ്റ് ഭാരിച്ച ജോലികളൊന്നും ചെയ്യാൻ കഴിയില്ല. അതിനാല്‍ മകൻ ജയൻ മുപ്പതിനായിരം രൂപ പലിശക്ക് വാങ്ങിയാണ് അമ്മക്ക് വേണ്ടി മാടക്കട നിർമ്മിച്ച് നൽകിയത്.
എന്നാല്‍ കടം തീരുന്നതിന് മുമ്പ് തന്നെ റോഡ് വികസനത്തിന്റെ പേരിൽ ഇവരുടെ മാടക്കട ജെ.സി.ബി ഉപയോഗിച്ച് തൂക്കിയെടുത്തു. ഇത് ടിപ്പറിൽ കയറ്റി പൊതുമരാമത്ത് ഓഫിസിന് സമീപത്തെ പറമ്പിൽ ഉപേക്ഷിക്കുകയും ചെയ്തു. കടയിലെ പറ്റ് ബുക്കും ഈ മാടക്കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ കണ്ണിൽ ചോരയില്ലാത്ത നടപടിക്കെതിരെ ജനരോഷവും ശക്തമാണ്. വിഷയത്തിൽ സി.പി.എം ഇടപെടൽ ഉണ്ടെന്നും വീട്ടുകാർ പറയുന്നു. സംഭവത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണ് ഈ അമ്മയും മകനും.