തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി. തേഞ്ഞിപ്പാലം ചേലേമ്പ്ര സ്വദേശി ചക്കുമാട്ടുകുന്ന് വീട്ടിൽ സിയാദ് (42) ആണ് പിടിയിലായത്. ചേലേമ്പ്ര മാട്ടിൽ എന്ന സ്ഥലത്തെ വാടക കോർട്ടേഴ്സിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വില്പനക്കായി സൂക്ഷിച്ച 1.680 കിലോഗ്രാം കഞ്ചാവും ഇലക്ട്രോണിക് ത്രാസുകളും അടക്കമുള്ളവ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
കൊണ്ടോട്ടി, ഫറൂഖ് സ്റ്റേഷനുകളിലായി 3 ഓളം ലഹരി കടത്ത് കേസുകളും വിവിധ സ്റ്റേഷനുകളിലായി കളവ് കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ്, തേഞ്ഞിപ്പാലം ഇൻസ്പക്ടർ പ്രിയൻ, ഡാൻസാഫ് എസ്ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.