പത്തനംതിട്ട: സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നുവരുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ് പോഷക സംഘടന ജില്ലാ പ്രസിഡന്‍റുമാരുടെയും നേതാക്കളുടെയും നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി ചാര്‍ജും കുടിവെള്ള ചാര്‍ജും വര്‍ധിപ്പിച്ചും വീട്ടുകരം കൂട്ടിയും സാധാരണക്കാരന്‍റെ നടുവൊടിച്ച ഇടതുപക്ഷ സര്‍ക്കാര്‍ അത്യാവശ്യ സാധനങ്ങളുടെ വില കുറയ്ക്കുവാനോ ആശ പ്രവര്‍ത്തകരെ പോലെ ജനങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് തുച്ഛമായ വേതന വര്‍ദ്ധനവ് നല്‍കുവാനോ തയ്യാറാകാത്തത് സി.പി.എമ്മിന് പാവപ്പെട്ടവരോടുള്ള മനോഭാവം വ്യക്തമാക്കുന്നതാണന്നും അദ്ദേഹം പറഞ്ഞു. കാട്ടു പന്നികള്‍ ഉള്‍പ്പെടയുള്ള വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചും മനുഷ്യരെ ഉപദ്രവിച്ചും വിലസുമ്പോള്‍ അതിന് പരിഹാരം കാണാന്‍ ശ്രമിക്കാതെ കര്‍ഷക ദ്രോഹ നടപടികള്‍ തുടരുകയാണെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
സര്‍ക്കാരിന്‍റെ ഇത്തരം ജനദ്രോഹ നയങ്ങള്‍ക്കെതിരെ പഞ്ചായത്തുകള്‍തോറും പ്രക്ഷോഭ പരിപാടികള്‍ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുവാന്‍ കോണ്‍ഗ്രസ് കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അഡ്വ. അനില്‍ തോമസ്, കെ. ജാസിം കുട്ടി, അഡ്വ. കെ. ജയവര്‍മ, പോഷക സംഘടന നേതാക്കളായ ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, രജനി പ്രദീപ്, വിജയ് ഇന്ദുചൂഢന്‍, അലന്‍ ജിയോ മൈക്കിള്‍, നഹാസ് പത്തനംതിട്ട, വില്‍സണ്‍ തുണ്ടിയത്ത്, എ.കെ. ലാലു, മാത്യു പാറയ്ക്കല്‍, ബാബു മാമ്പറ്റ, അഫ്സല്‍. എസ്, സജി. കെ. സൈമണ്‍, ലാലി ജോണ്‍, സുധ നായര്‍, പി.കെ. ഗോപി, ഷാനവാസ് പെരിങ്ങമല, സിബി ജേക്കബ് തോമസ്, ഫാ. ഡാനിയേല്‍ പുല്ലേലില്‍, അജിത് മണ്ണില്‍, അഡ്വ. ഷാജി കുളനട എന്നിവല്‍ പ്രസംഗിച്ചു.