പത്തനംതിട്ട : 2024 ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങി 2025 മാർച്ച് 30 ന് അവസാനിക്കുന്ന മാലിന്യ മുക്തം നവകേരളം – ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾ അവസാന ആഴ്ച്ചകളിലേക്ക് കടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു, പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസ്സിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 2025 മാർച്ച് 30 ന് അന്താരാഷ്‌ട്ര സീറോ വേസ്റ്റ് ദിനത്തിൽ സംസ്ഥാനം മാലിന്യ മുക്ത നവകേരളമായി ആയി പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിൽ മാലിന്യ മുക്ത പത്തനംതിട്ടയും സാധ്യമാക്കണമെന്നും അതിനായി വരും ആഴ്ച്ചകളിൽ കൂടുതൽ കൂട്ടായ ഇടപെടലുകൾ വേണമെന്നും ജില്ലാ കളക്ടർ യോഗത്തോട് ആവശ്യപ്പെട്ടു.
തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടർ നൈസാം എഎസ് യോഗത്തിൽ പങ്കെടുത്തു. ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കെഎസ്ഡബ്ല്യൂഎംപി, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളുടെ ജില്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. സുസ്ഥിരമായ ശുചിത്വ പരിപാലനം ലക്ഷ്യം വച്ചുകൊണ്ട് വരും ദിവസങ്ങളിൽ മാലിന്യ മുക്തമായ നവകേരള സൃഷ്ടിയിലേക്കുളള പ്രയാണം ഊർജിതപ്പെടുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ എംസിഎഫുകളിൽ നിന്നും വരും ദിവസങ്ങളിൽ മാലിന്യ നിക്കം തൊരിതപ്പെടുത്തും. കുടുംബശ്രീയുടെ നേതൃത്തിൽ വിടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പിങ്ക് സ്ക്വാഡ് ഡോർ ടു ഡോർ ക്യാമ്പയിൻ നടത്തും. ഇതിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ പ്രാധ്യാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട് പോക്കറ്റ് കാർഡുകൾ പിങ്ക് സ്ക്വാഡ് അംഗങ്ങൾ വിതരണം ചെയ്യും. പത്തനംതിട്ട ജില്ല ശുചിത്വ മിഷനാണ് ഗ്രീൻ പ്രോട്ടോകോൾ പോക്കറ്റ് കാർഡുകൾ വിതരണത്തിന് എത്തിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ എല്ലാ വാർഡുകളിലും അതാത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ, തദ്ദേശ സ്വയം ഭരണ സ്ഥാപന ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, ശുചീകരണ മേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് ശുചിത്വ സന്ദേശവുമായി ഗൃഹ സന്ദർശനത്തിനിറങ്ങുന്നത്. സ്ക്വാഡിലെ ഭൂരിഭാഗം അംഗങ്ങളും വനിതകളായിരിക്കും. ഇതോടൊപ്പം ജില്ലയിലെ എല്ലാ തദ്ദേശ വാർഡുകളിലും ശുചിത്വ സഭകൾ സംഘടിപ്പിക്കും. ഇത്തരം സഭകളിൽ ശുചിത്വത്തെക്കുറിച്ചും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഭാഗവാക്കകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കും. ഇത്തരം ശുചിത്വ സഭകളിൽ മാലിന്യവും പാഴ്വസ്തുക്കളും പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെ ജനകീയ പ്രമേയങ്ങൾ അവതരിപ്പിക്കും.
ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പിങ്ക് സ്ക്വാഡ് അംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും ആദരിക്കും. മാർച്ച് 15 മുതൽ പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശ വാർഡുകളിലും കുടുംബശ്രീയുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്തിൽ വിപുലമായ മാസ് ക്ലീനിംഗ് ഡ്രൈവുകൾ സംഘടിപ്പിക്കും. 2025 മാർച്ച് 17 മുതൽ ജില്ലയിൽ ഉടനീളം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവും മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. മാർച്ച് 24 ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ക്ലീനിംഗ് ഡ്രൈവും സെഗ്രിഗേഷൻ പ്രാക്ടീസും നടത്തും. ഇതോടൊപ്പം ജില്ലയിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളും ശുചിത്വ സന്ദേശ പ്രവർത്തനങ്ങൾ നടത്താനും ജില്ല തലത്തിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിലും നൈറ്റ് വാക്ക് ഉൾപ്പെടെയുളള പ്രവർത്തനങ്ങളിലുടെ മാലിന്യ സംസ്കരണവുമായും ശുചിത്വവുമായും ബന്ധപ്പെട്ട സന്ദേശങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും ഉളള പരിപാടികളാണ് തദ്ദേശ സ്വയം ഭരണ വകുപ്പും ജില്ലാ ശുചിത്വ മിഷനും കുടുംബശ്രീ മിഷനും ചേർന്ന് നടത്തിവരുന്നത്. 2025 മാർച്ച് എട്ടോടെ ജില്ലയിലെ മുഴുവൻ അയൽകൂട്ടങ്ങളും ഹരിത പ്രഖ്യാപനം നടത്തി ഹരിത അയൽകൂട്ടങ്ങളായി മാറി. ഇതോടൊപ്പം ഹരിത ടൗണുകൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത കലാലയ പ്രഖ്യാപനങ്ങളും ജില്ലയിൽ പുരോഗമിക്കുകയാണ്. ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ഹരിത ഓഫീസുകൾ, ഹരിത മാർക്കറ്റ് പ്രഖ്യാപനങ്ങളും നൂറ് ശതമാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.