പൂക്കോട്ടുംപാടം: ഫാമിന്റെ മറവിൽ എം.ഡി.എം.എ വിൽപ്പന നടത്തിയ യുവാവിനെ പൂക്കോട്ടുംപാടം പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി പിടികൂടി. അമരമ്പലം അഞ്ചാംമൈൽ സ്വദേശി വട്ടപറമ്പൻ മുഹമ്മദ് മുനീറിനെ (31)യാണ് ഇൻസ്പെക്ടർ വി.അമീറലിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഉപ്പുവള്ളി ഒറവങ്കുണ്ടിൽ മുനീറിന്റെ ഉടമസ്ഥതയിലുള്ള പട്ടികളെ വളർത്തുന്ന ഫാം കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന നിലമ്പൂർ ഡി.വൈ.എസ്.പി. സാജു.കെ.അബ്രഹാമിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൂക്കോട്ടുംപാടം പോലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് പ്രതി പിടിയിലായത്.
2.25 ഗ്രാം എം.ഡി.എം.എയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. വിശദമായി ചോദ്യം ചെയ്തതിൽ പ്രദേശത്തെ ലഹരി കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി. എസ്.ഐ. കെ.ശരത്, എ.എസ്.ഐ. എ.ജാഫർ, സീനിയർ സി.പി.ഒ സജീഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.