ന്യൂഡൽഹി: ഭീകരവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയത് ശക്തമായ സന്ദേശം. ഇന്ത്യയെ ആക്രമിച്ച് പാകിസ്താനിൽ ഒളിച്ചിരിക്കാമെന്ന് ആരും കരുതേണ്ട. പാകിസ്താനിൽ എവിടെ ആയിരുന്നാലും അവരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരിക്കും എന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിനും പാകിസ്താനും മുന്നിൽ കാണിച്ചുകൊടുത്തത്. ഭീകരാക്രമണത്തിന് പിന്നിലുള്ളവർക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോയിരുന്ന രീതിക്ക് പകരം ഭീകരവാദികളെ ഉന്മൂലനം ചെയ്യുന്നതിലേക്ക് ഇന്ത്യ നയം മാറ്റി. അങ്ങനെയാണ് നിയന്ത്രണരേ ഖ മറികടന്ന് ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. എന്നാൽ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ അതുമാത്രം പോരെന്നു വ്യക്തമായി. അങ്ങനെ ഭീകരവാദികളുടെ പിണിയാളുകൾക്ക് പകരം അവരെത്തിയതെവിടെ നിന്നാണോ അവിടെ ആക്രമിക്കാൻ ഇന്ത്യ തീരുമാനിച്ചു.
അങ്ങനെയാണ് ബാലക്കോട്ട് ഉൾപ്പെടെ ഇന്ത്യൻ വ്യോമസേന പാകിസ്താനുള്ളിൽ കടന്ന് ആക്രമണം നടത്തിയത്. ഈ ആക്രമണത്തിന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. ഭീകരവാദികളെ അവരുടെ വീട്ടിൽകേറി കൊല്ലുമെന്നതാണ് ഇനിയുള്ള നയമെന്ന് മോദി ഗുജറാത്തിലെ ഒരു പരിപാടിയിൽ 2019-ൽ വ്യക്തമാക്കിയിരുന്നു. ഭീകരവാദികളെ കശ്മീരിൽ ഉന്മൂലനം ചെയ്യുന്നത് തുടർന്നതോടെ കശ്മീർ സമാധാനം അറിഞ്ഞുതുടങ്ങി. എന്നാൽ, പഹൽഗാം ഭീകരാക്രമണത്തോടെ ഭീകരവാദികൾക്ക് മറുപടി കുറച്ചുകൂടി മനസിലാക്കുന്ന തരത്തിലാക്കണമെന്ന് ഇന്ത്യ തീരുമാനിച്ചു. വിഷപ്പാമ്പിനെ അതിന്റെ വാലിൽ അടിച്ചാൽ പോര തലയിൽതന്നെ അടിക്കണമെന്ന് ഇന്ത്യ തീരുമാനിച്ചു.ഇതോടെ ഇന്ത്യയിൽ പലപ്പോഴായി ആക്രമണം നടത്തുന്ന ഭീകരവാദികളുടെ ആസ്ഥാനങ്ങൾ തകർക്കാൻ ഇന്ത്യ തീരുമാനിച്ചു.
അങ്ങനെ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തോയ്ബ തുടങ്ങിയ ഭീകരവാദികളുടെ ഭീകരവാദ പരിശീലന കേന്ദ്രങ്ങളും അവയുടെ പ്രധാനപ്പെട്ട കൊടുംഭീകരന്മാരും എവിടെയൊക്കെ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അവിടെയെല്ലാം ഇന്ത്യ ആക്രമണം അഴിച്ചുവിട്ടു. പഹൽഗാമിലെ 26 പേരുടെ മരണത്തിന് ആശയവും പ്രചോദനവുമായി നിന്ന ഭീകരവാദികളുടെ കേന്ദ്രങ്ങളും നേതാക്കളുമാണ് ഇന്ത്യയുടെ ആക്രമണത്തിൽ ഇല്ലാതായത്. പാകിസ്താനിലെ നാലിടത്തും പാക് അധീന കശ്മീരിലെ അഞ്ചിടത്തും ഇന്ത്യ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ആക്രമണം നടത്തുന്ന പിണിയാളുകളെയല്ല, അവർക്ക് നിർദ്ദേശം നൽകുന്ന ബുദ്ധികേന്ദ്രങ്ങളെയാണ് ഇന്ത്യ തകർത്തത്. ഇന്ത്യയെ ആക്രമിക്കുന്ന ഭീകരവാദികൾക്ക് പാകിസ്താനിൽ ഒരിടവും സുരക്ഷിതമായിരിക്കില്ലെന്ന സന്ദേശം വ്യക്തമായി ബോധ്യപ്പെടുത്തിയെന്നാണ് സേനാ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
നിയന്ത്രണരേഖയോ അന്താരാഷ്ട്ര അതിർത്തിയോ ഒന്നും ഭീകരവാദികളെ നേരിടുന്നതിൽനിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കില്ലെന്ന് ഇത്തവണ ഉറപ്പിച്ച് പറഞ്ഞു. നിയന്ത്രണരേഖയിൽ മാത്രമല്ല, പാകിസ്താനിലേക്ക് 100 കിലോമീറ്ററോളം ഉള്ളിൽവരെ ഇന്ത്യ ആക്രമിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താനും അവർ ചരടുവലിക്കുന്ന ഭീകരവാദികൾക്കും മുന്നിൽ ഒരു ലക്ഷ്മണരേഖ വരച്ചിരിക്കുകയാണ്. ഇനി ഇന്ത്യയെ ആക്രമിക്കാൻ മുതിരരുത്. അതിർത്തി കടന്ന് ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കരുത്. അങ്ങനെയുള്ള ഏത് ഭീകരവാദ പ്രവർത്തനവും ഇനി യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന പ്രഖ്യാപനവും ഇതിന്റെ ഭാഗമായി വന്നതാണ്.