പത്തനംതിട്ട: മാലിന്യ മുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. നഗരസഭ ആരോഗ്യ വിഭാഗം ക്ലീൻ ഡ്രൈവിന് മേൽനോട്ടം വഹിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ പാർക്കിംഗ് സ്ഥലത്ത് കിടന്നിരുന്ന ഉപയോഗശൂന്യമായ വാഹനങ്ങൾ മാറ്റുകയും സബ് രജിസ്ട്രാർ ഓഫീസിന് സമീപം അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്ന പ്ലാസ്റ്റിക്ക് കപ്പുകളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുകയും ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ്റെ നേതൃത്വത്തിൽ ജീവനക്കാർ പരിസരത്തെ കടകളിലും സ്ഥാപനങ്ങളിലും കയറി ബോധവത്കരണം നടത്തി. ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും മാലിന്യം കൂടിക്കിടന്ന സ്ഥലമായ മിനി സിവിൽ സ്റ്റേഷൻ ശുചീകരിച്ചു കൊണ്ട് സർക്കാർ ജീവനക്കാരുടെ പങ്ക് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്നും വൃത്തിയുള്ള പരിസ്ഥിതിയും ജനജാഗ്രതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശ പ്രകാരം കോഴഞ്ചേരി തഹസീൽദാർ നൗഷാദിൻ്റെ നേതൃത്വത്തിൽ ജീവനക്കാരുടെ സഹകരണത്തോടെയാണ് ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചത്. നഗരസഭ ക്ലീൻ സിറ്റി മാനേജർ വിനോദ് എം പി, എൽ എസ് ജി ഡീ ജോയിൻ്റ് ഡയറക്ടർ ആഫീസ് പ്രതിനിധി മഞ്ജു സക്കറിയ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഗോകുൽ, കെ എസ് ഡബ്ലു എം പി സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്സ്പർട്ട് ശ്രീവിദ്യ ബാലൻ, പത്തനംതിട്ട നഗരസഭ ഹരിത സഹായ സ്ഥാപനമായ ഗ്രീൻ വില്ലേജ് പ്രതിനിധി പ്രസാദ് കെ എസ്, ജി എസ് ടി ആഫീസ് പ്രതിനിധി ലേഖ ജി, താലൂക്ക് ആഫീസ് പ്രതിനിധി ബിനു തോട്ടുങ്കൽ, ഹരിത കർമ്മസേന കൺസോർഷ്യം പ്രസിഡൻ്റ് ഷീന ബീവി, സെക്രട്ടറി ബിന്ദു കെ എന്നിവർ പങ്കെടുത്തു.