ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭയിൽ ശാസ്താംപുറം മാർക്കറ്റ് നവീകരിച്ചു നിർമ്മിക്കുന്നതിൻ്റെ ഭാഗമായി മതിൽ പൊളിച്ചു നീക്കുന്നതിലുള്ള തർക്കം മന്ത്രി സജി ചെറിയാൻ്റെ സാന്നിധ്യത്തിൽ പരിഹരിച്ചു. നഗരസഭ മാർക്കറ്റ് നവീകരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിച്ച അഞ്ചു കോടി രൂപ അനുവദിച്ചു. തീരദേശ വികസന കോർപ്പറേഷൻ്റെ മേൽനോട്ടത്തിൽ 1910 ചതുരശ്ര മീറ്ററിൽ ഇരുനില മാർക്കറ്റ് കെട്ടിടം നിർമ്മിക്കുന്നതിൻ്റെ മുന്നോടിയായി നഗരസഭ നിർമ്മിച്ച പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന നടപടികൾ ആരംഭിച്ചു. നഗരസഭയുടെ ഉത്തരവാദിത്വത്തിലാണ് ഈ പ്രവൃത്തി ആരംഭിച്ചത്. യാർഡിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയെങ്കിലും വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കെട്ടിടങ്ങളുടെ പുറകു ഭാഗത്തെ ഭിത്തി പൊളിച്ചു നീക്കുവാൻ ആരംഭിച്ചതോടെയാണ് സമീപവാസികൾ പ്രതിഷേധവുമായി എത്തിയത്.
മാർക്കറ്റ് യാർഡിൽ നിന്നും പതിനഞ്ച് അടിയിലേറെ ഉയരത്തിൽ 16 വീടുകളും ഇവർക്കുള്ള വഴിയും സ്ഥിതി ചെയ്യുന്നു. കെട്ടിടത്തിൻ്റെ പിൻഭിത്തി പൊളിച്ചു നീക്കുന്നതോടെ ഇതിനു പിന്നിലുള്ള കൽക്കെട്ടിന് ബലക്ഷയം സംഭവിച്ച് മണ്ണിടിച്ചിൽ ഉണ്ടായി വഴിയും വീടുകളും തകരും എന്നതാണ് പ്രതിഷേധത്തിനു കാരണം. ഇതിനെ തുടർന്ന് ഒരു മാസം മുൻപ് കരാറുകാരൻ ജോലി നിർത്തി വച്ചിരുന്നു. കെട്ടിടം പൂർണ്ണമായി പൊളിച്ച് എടുക്കുന്നതിനുള്ള തുക നഗരസഭയ്ക്ക് നൽകുന്നതിനാണ് കരാറുകാരൻ ടെൻഡർ ഏറ്റെടുത്തത്. സിപിഐ എം ചെങ്ങന്നൂർ ലോക്കൽ കമ്മിറ്റികളും വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഞായർ രാവിലെ യാർഡിലെത്തിയ മന്ത്രി സജി ചെറിയാൻ ജനപ്രതിനിനികൾ, പ്രദേശവാസികൾ, ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരുമായി ചർച്ച നടത്തി.
സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന പ്രവൃത്തികൾ നിർത്തി വയ്ക്കുവാനും കെട്ടിടത്തിൻ്റെ പുറകു ഭിത്തി നിലനിർത്തുവാനും മന്ത്രി നിർദ്ദേശിച്ചു. ഇതുമൂലം കരാറുകാരന് നഷ്ടമാകുന്ന തുക നഗരസഭ മടക്കി നൽകുന്നതിനും ധാരണയായി. പുതിയ കെട്ടിട നിർമ്മാണത്തിനായി യാർഡ് അടിയന്തിരമായി സജ്ജമാക്കാൻ നഗരസഭയ്ക്ക് നിർദ്ദേശം നൽകി. നഗരസഭ ചെയർപേഴ്‌സൺ ശോഭ വർഗ്ഗീസ്,, കൗൺസിലർമാരായ അശോക് പടിപ്പുരയ്ക്കൽ , പി ഡി മോഹനൻ, തീരദേശ വികസന കോർപ്പറേഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ മേഘനാദ കൃഷ്ണൻ, ബാബു തൈവട, രാജു പറങ്കാമൂട്ടിൽ എന്നിവർ പങ്കെടുത്തു.