തൃശ്ശൂര്‍ : സംസ്ഥാനത്ത് വന്യ മൃഗങ്ങളുടെ എണ്ണം ക്രമാതീതമാകുന്നത് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണം തടയാന്‍ വേണ്ട നിലപാടുകള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ നിറവേറ്റും. മനുഷ്യ – വന്യജീവി സംരക്ഷണം ഒരേപോലെ ഫലപ്രദമായി നടപ്പിലാക്കും. തൃശ്ശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ 140 കി.മീ അധികം ദൂരത്തില്‍ ഹാംഗിംഗ് ഫെന്‍സിങ് സ്ഥാപിക്കാന്‍ അനുവാദം നല്‍കിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
പശ്ചിമ ഘട്ടത്തിന്റെ മുഴുവന്‍ ടൂറിസം സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. തൃശ്ശൂര്‍ ജില്ലയെ ഹരിത ജില്ലയാക്കി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. അതിരപ്പള്ളി വാഴച്ചാല്‍ മേഖലകളിലെ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 140 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനോടൊപ്പം വിഭാവനം ചെയ്യുന്ന സഫാരി പാര്‍ക്കിന്റെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് വനം വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു. വനം വകുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ ഓഫീസുകളും ഒരു കുടക്കീഴിലെത്തിക്കുകയെന്ന ആശയവുമായി തൃശൂര്‍ നഗരത്തില്‍ ഫോറസ്റ്റ് കോംപ്ലക്സ് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാടിന്റെ വികസനത്തിനും പുരോഗതിക്കായുമുള്ള പരമാവധി ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉള്ളതെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.