പത്തനംതിട്ട : നൂറ് കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പരിസ്ഥിതി പ്രാധാന്യമുള്ളതും ജനവാസ മേഖലയുമായ മലയാലപ്പുഴ പഞ്ചായത്തിലെ വടക്കുപുറം കരിംകുറ്റിയിൽ പാറമട അനുവദിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വടക്കുപുറം വാർഡ്, കോൺഗ്രസ് റവന്യു വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. മലയാലപ്പുഴ പഞ്ചായത്തിലെ കോട്ടമുക്ക്, കിഴക്കുപുറം, വെട്ടൂർ, വടക്കുപുറം, പരുത്തിയാനി, തോമ്പിൽകൊട്ടാരം, ശങ്കരത്തിൽ ഭാഗം, ഈട്ടിമൂട്ടിൽ ഭാഗം തുടങ്ങിയ പ്രദേശങ്ങളിലായി നിരവധി കുടുംബങ്ങളിൽ താമസിക്കുന്ന ജനങ്ങളേയും പക്ഷി, മൃഗാദികളേയും ദോഷകരമായി ബാധിക്കുകയും സമീപങ്ങളിലുള്ള ദേവാലയങ്ങൾക്കും വീടുകൾക്കും നാശം സംഭവിക്കുകയും ചെയ്യുന്നതിന് പുറമെ നിർദ്ദിഷ്ട്ട പാറമടക്ക് സമീപത്തുകൂടി ഒഴുകി അച്ചൻകോവിൽ നദിയിൽ എത്തുന്ന വടക്കുപുറം വഴിയുള്ള ഇറമ്പാത്തോട് – വെട്ടൂർ തോട്ടിലെ ജലം മലിനമാകുന്നതിനും പാറമട കാരണമാകമെന്ന് കോൺഗ്രസ് പ്രവർത്തകയോഗം ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് പാറമടക്ക് ലൈസൻസ് നേടുവാനുളള തല്പര കക്ഷികളുടെ ശ്രമത്തെ ശക്തമായി ചെറുക്കുമെന്ന് കോൺഗ്രസ് പ്രവർത്തകയോഗം മുന്നറിയിപ്പ് നല്കി. ഇത് സംബന്ധിച്ച് വടക്കുപുറം ക്വാറി വിരുദ്ധ ജനകീയ സമിതി നടത്തിക്കൊണ്ടിരിക്കുന്ന നിയമ പോരാട്ടങ്ങൾക്കും പ്രതിഷേധ സമരങ്ങൾക്കും എല്ലാം പിൻതുണയും നല്കുന്നതിന് യോഗം തീരുമാനിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ജയിംസ് പരുത്തിയാനി, ബിനോയ് വിശ്വം, ജിനു പുത്തൻവിളയിൽ, സന്തോഷ് കിഴക്കേക്കര, ജയിംസ് സാമുവൽ, ജെയിംസ് ഡാനിയേൽ , ഏലിയാമ്മ വർഗീസ്, മിനി സന്തോഷ് എന്നിവർ പ്രസംഗിച്ചു. വാർഡ് പ്രസിഡന്റായി വിത്സൺ അരികിനേത്തിനേയും മറ്റ് ഭാരവാഹികളേയും തിരഞ്ഞെടുത്തു.