പത്തനംതിട്ട : ശബരി റെയിൽവേ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹിൽഡെഫ്. ഹിൽ ഇന്റർഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ് )ജനറൽ സെക്രെട്ടറി അജി ബി.റാന്നിയാണ് പത്രസമ്മേളനത്തിൽ ആവശ്യവുമായി എത്തിയത്. പരിസ്ഥി ദുര്‍ബല മേഖലയായ പമ്പാ നദിയിലൂടെയും പെരിയാര്‍ കടുവാ സങ്കേതത്തിലൂടെയും ചെങ്ങന്നൂരില്‍ നിന്നും 13,000 കോടി രൂപയുടെ ഹൈ സ്പീഡ് റെയില്‍ പാത നിര്‍മ്മിക്കുന്നത് പത്തനംതിട്ട ജില്ലയെ നശിപ്പിക്കാനുള്ള പദ്ധതിയാണെന്ന് അജി ബി.റാന്നി പറഞ്ഞു.
ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തന്മാരുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനും അതിലുപരി ആറു ജില്ലകളിലെ മലയോര പ്രദേശങ്ങളിലൂടെ സമഗ്ര വികസനത്തിനും നിർമ്മാണം തുടങ്ങിയ ശബരി റെയിൽവേ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വന്‍ തുക മുതൽ മുടക്കി നദിയിലൂടെ കാട്ടില്‍ അവസാനിക്കുന്ന യാതൊരു ഭാവി വികസന സാധ്യതകളില്ലാത്ത റെയില്‍ പാത നിര്‍മ്മിക്കുവാന്‍ പദ്ധതി തയ്യാറാക്കിയത് വിദേശ വ്യവസായികളുമായി ചേര്‍ന്ന് ചില നേതാക്കൾ നിര്‍മ്മിക്കാന്‍ ആസൂത്രണം ചെയ്യുന്ന വന്‍കിട റിസോര്‍ട്ടിലേയ്ക്ക് ടൂറിസ്റ്റ്കളെ എത്തിക്കാനാണ്. ശബരിമല തീര്‍ത്ഥാടകര്‍ക്കായി 264 കോടി രൂപയുടെ നികുതി പണമുപയോഗിച്ചു അങ്കമാലിയില്‍ നിന്ന് 7 കിലോമീറ്റര്‍ ദൂരത്തില്‍ റെയില്‍ പാതയും കാലടി റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍ പാലവും നിര്‍മ്മിച്ചതാണ്.
2016 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പ്ലാറ്റ് ഫോമില്‍ ഉള്‍പ്പെടുത്തിയ കേരത്തിലെ ഏക വികസന പദ്ധതിയുമാണ് ശബരി റെയില്‍വേ. പദ്ധതിയുടെ ചെലവ് പങ്കുവെയ്ക്കുന്നതിന് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുക്കുകയും സംസ്ഥാന ബജറ്റില്‍ 2000 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ പദ്ധതിക്ക് സംസ്ഥാന സർക്കാർ പൂർണ്ണ പിന്തുണയാണ് നൽകിയിരിക്കുന്നത്.
നദിയിലൂടെയും നദീതീരത്തു കൂടിയും തുടര്‍ച്ചയായി തൂണുകള്‍ നിര്‍മ്മിക്കുന്നത് നദീ തീരമിടിയുന്നതിനും അതുവഴി വഴി പത്തനംതിട്ട ജില്ലയിൽ വലിയ ദുരന്തമുണ്ടാകുന്നതിനും കാരണമാകും. നദിയിലെ തൂണുകളില്‍ കാട്ടില്‍ നിന്നും ഒഴുകി വരുന്ന മരങ്ങള്‍ തങ്ങി നിന്നാൽ അത് വന്‍ പ്രളയത്തിനു കാരണമാകും അതുകൊണ്ട് പദ്ധതി അനുവദിക്കാന്‍ പാടില്ല.
ശബരി പാത എരുമേലിയിൽ അവസാനിക്കാതെ റാന്നി-പത്തനംതിട്ട-പുനലൂർ-കുളത്തൂർപുഴ-വിതുര-നെടുമങ്ങാട് വഴി തിരുവനന്തപുരം വരെ നീട്ടുന്നതോടൊപ്പം നിർദ്ദിഷ്ട്ട ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് പദ്ധതിയും യാഥാർത്ഥ്യമാക്കുന്നതോടെ പത്തനംതിട്ട ജില്ലയുടെ വികസനം സ്വപ്ന തുല്യമാകും. കേരളത്തിന്‍റെ വികസന കുതിപ്പിന് വഴിവെക്കുന്ന പദ്ധതി യാഥാർത്ഥ്യമാക്കുവാൻ ഹിൽഡെഫ് മുമ്പിൽ തന്നെ ഉണ്ടാകും. പ്രാരംഭഘട്ടമായി കേരളമുൾപ്പെടെ തെക്കേ ഇന്ത്യയിലെ എല്ലാ എം.പിമാരെയും സാമൂഹിക സാംസ്കാരിക മത സാമുദായിക നേതാക്കന്മാരെയും നേരിൽ കണ്ട് വിഷയം അവതരിപ്പിച്ച് പിന്തുണതേടുമെന്നും ഹിൽഡെഫ് കോ-ഓർഡിനേറ്റർമാരായ സുധാകരൻ ചെങ്ങാലൂർ, സുധീർ പള്ളുരുത്തി എന്നിവർ പറഞ്ഞു.