കോഴിക്കോട് : സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകം വ്യക്തമായ പ്ലാനിങ് നടത്തി ചെയ്തതാണെന്ന് ബ്രാഞ്ച് സെക്രട്ടറി ഷീജ. കസ്റ്റഡിയിലുള്ള അഭിലാഷിന് സത്യനാഥനോട് രാഷ്ട്രീയ വിരോധമുണ്ടായിരുന്നുവെന്നും ഷീജ പറഞ്ഞു. കൃത്യമായ പ്ലാനിങ് ഇല്ലാതെ ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ല. അഭിലാഷിന് ഒറ്റയ്ക്ക് ഇത്രയും തിരക്കേറിയ സ്ഥലത്ത് വച്ച് കൊലപാതകം ചെയ്യാന്‍ സാധിക്കില്ലെന്നും അയാള്‍ക്ക് പിന്നില്‍ മറ്റു ചിലരുണ്ടെന്നും ഷീജ വ്യക്തമാക്കി.
‘സത്യനാഥന്‍ വളര്‍ത്തിയ കുട്ടിയാണ് അഭിലാഷ്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പഠിച്ച് വളര്‍ന്നയാളാണ് അഭിലാഷ്. കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന സമയത്ത് സത്യനാഥന്റെ ഡ്രൈവറായിരുന്നു അഭിലാഷ്. എന്നാല്‍ ക്രിമിനല്‍ സ്വഭാവങ്ങള്‍ അഭിലാഷ് കാണിച്ച് തുടങ്ങിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് വിവരങ്ങള്‍. വളരെ സൗമ്യനായ മനുഷ്യനാണ് സത്യനാഥന്‍.’ പ്രദേശത്ത് പാര്‍ട്ടിയെ ശക്തമായി വളര്‍ത്തിയ വ്യക്തി കൂടിയാണ് അദ്ദേഹമെന്നും ഷീജ വ്യക്തമാക്കി.