റാന്നി: റാന്നി ഗ്രാമ പഞ്ചായത്ത് പുതുശേരിമല കിഴക്ക് 7-ാം വാർഡ് ബി.ജെ.പി അംഗം എ. എസ് വിനോദ് സ്ഥാനം രാജിവെച്ചത് കൂറുമുന്നണിയിലെ അനൈക്യം മൂലമെന്ന് സൂചന. പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത മൂലം പലതവണ രാജി ഭീഷണി നടത്തിയിട്ടുള്ള അംഗത്തിന്റെ രാജി ഇത്തവണ പൊടുന്നനെ ആയിരുന്നു. രാജി സ്വീകരിച്ച് തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ച പഞ്ചായത്ത് സെക്രട്ടറി ജി സുധാകുമാരിയുടെ നടപടിയും അതി വേഗത്തിലായിരുന്നു. വെള്ളിയാഴ്ച വിനോദിന്റെയും കുട്ടരുടേയും ആവശ്യ പ്രകാരം പഞ്ചായത്തിൽ അടിയന്തിര കമ്മിറ്റി വിളിച്ചിരുന്നു. നിലവിലുണ്ടായിരുന്ന സെക്രട്ടറിയുടെ സ്ഥലംമാറ്റം ഒഴിവാക്കി പഞ്ചായത്തിൽ തിരികെയെത്തിക്കണെമെന്ന പ്രമേയം പാസാക്കാനാണ് കമ്മിറ്റി വിളിച്ചത്.
പ്രസിഡന്റ് കെ.ആർ. പ്രകാശ്, വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ സിന്ധു സഞ്ജയൻ, അംഗങ്ങളായ എ.എസ്.വിനോദ്, മന്ദിരം രവീന്ദ്രൻ എന്നിവർ മാത്രമാണ് എത്തിയത്. കോറം തികയാൻ 5 പേർ വേണ്ടിയിരുന്നതിനാൽ കമ്മിറ്റി ചേർന്നില്ല. കമ്മറ്റിക്ക് ആളെത്താത്തത് കോണ്‍ഗ്രസ്, സി.പി.എം ഗൂഡാലോചനയാണെന്ന ആക്ഷേപം വിനോദ് ഉയര്‍ത്തിയെന്നു സൂചനയുണ്ട്. അതാണ് രാജി കൊടുക്കാന്‍ കാരണമെന്ന സൂചന ചില കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഒരു കാരണവും വ്യക്തമാക്കാതെയാണ് വിനോദ് രാജി നല്‍കിയത്. ബിജെപി സ്ഥാനാർഥിയായിട്ടാണ് വിനോദ് മത്സരിച്ചു ജയിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു വിനോദ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം റാന്നിയിൽ ഇരുമുന്നണികൾക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. ബിജെപി, സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് (എം) അംഗം പ്രസിഡന്റായത് വന്‍ വിവാദമായിരുന്നു. പിന്നീട് എല്‍.ഡി.എഫില്‍ പ്രശ്നം ചര്‍ച്ചയാവുകയും തുടര്‍ന്ന് അവർ രാജിവെക്കുകയുമായിരുന്നു. പിന്നീട് ബിജെപി, കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രൻ കെ.ആര്‍ പ്രകാശ് പ്രസിഡന്റാകുകയായിരുന്നു. അന്ന് വിപ് ലംഘിച്ച് വോട്ടു ചെയ്തതിന് ബി ജെപി അംഗങ്ങളായ വിനോദിനേയും മന്ദിരം രവീന്ദ്രനേയും പുറത്താക്കിയതായി നേതൃത്വം അറിയിച്ചിരുന്നു.