ദില്ലി: തൊഴിൽ രഹിതയായ ഭാര്യയെ ജോലി ചെയ്യുന്ന കമ്പനിയുടെ പേ റോളിൽ അനധികൃതമായി തിരുകിക്കയറ്റി കോടികൾ വെട്ടിച്ച സംഭവത്തിൽ കമ്പനി മാനേജർ അറസ്റ്റിൽ. സ്വകാര്യ റിക്രൂട്ട്‌മെന്റ് കമ്പനിയിലെ ജീവനക്കാരനാണ് തന്റെ ഭാര്യയെ ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തി 10 വർഷത്തിലേറെയായി കമ്പനിയെ കബളിപ്പിച്ച് കോടികൾ തട്ടിയത്. അസാധാരണ കുറ്റകൃത്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. റിക്രൂട്ട്‌മെന്റ് സേവനങ്ങൾ നൽകുന്ന മാൻപവർഗ്രൂപ്പ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ മാനേജരാണ് തട്ടിപ്പ് നടത്തിയത്. 2008ൽ സ്ഥാപനത്തിൽ അസി. മാനേജരായി (ഫിനാൻസ്) ജോലിയിൽ പ്രവേശിച്ച രാധാബല്ലവ് നാഥിനെതിരെയാണ് പരാതി. ഇയാൾ പിന്നീട് മാനേജർ (ഫിനാൻസ്) ആയി സ്ഥാനക്കയറ്റം നേടി. കമ്പനിയുടെ ചെലവിൽ തന്റെ ജോലിയില്ലാത്ത ഭാര്യക്ക് സ്ഥിരമായ വരുമാനം ഉണ്ടാക്കാൻ ഇയാൾ പദ്ധതി തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ രേഖകളിൽ കൃത്രിമം നടന്നതായി തിരിച്ചറിഞ്ഞതോടെ ദില്ലി ആസ്ഥാനമായുള്ള കമ്പനി അന്വേഷണം നടത്തി കുറ്റകൃത്യം സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച, ദില്ലി പോലീസിൽ പരാതി നൽകി. സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നതിനാൽ, ഡയറക്ടർ (ഹ്യൂമൻ റിസോഴ്‌സ്), ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ (സിഎച്ച്ആർഒ), രാധാബല്ലവ് നാഥ് എന്നീ മൂന്ന് ഓഫീസർമാർക്ക് മാത്രമേ പ്രതിമാസ ശമ്പളവും റീഇംബേഴ്‌സ്‌മെന്റ് ഡാറ്റയും ആക്‌സസ് ചെയ്യാൻ കമ്പനി അനുവദിച്ചിരുന്നുള്ളൂ. ഈ സാഹചര്യം മുതലാക്കിയാണ് ആരുമറിയാതെ ഇയാൾ ഭാര്യയെ പേറോളിൽ അനധികൃതമായി ഉൾപ്പെടുത്തിയത്.