തിരുവനന്തപുരം: വഖഫ് ബില്ലിനു ശേഷം ഇനി സംഘ് പരിവാര്‍ കണ്ണു വെച്ചിരിക്കുന്നത് കത്തോലിക്കാ സഭയുടെ കൈവശമിരിക്കുന്ന ഭൂസ്വത്താണ് എന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ആർ.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ കത്തോലിക്കാ സഭയുടെ കൈവശം 20,000 കോടി രൂപ വില മതിക്കുന്ന ഏഴു കോടി ഹെക്ടര്‍ സ്ഥലമുണ്ടെന്നും ഇതു പിടിച്ചെടുക്കേണ്ടതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത പുറത്തു വന്നതോടു കൂടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശക്തമായി പ്രതികരിച്ചതോടെ ഓര്‍ഗനൈസര്‍ അത് പിന്‍വലിച്ചു. പക്ഷേ അവരുടെ ഉദ്ദേശം അവര്‍ കൃത്യമായി വെളിവാക്കിയിരിക്കുകയാണ്. ആദ്യം മുസ്ലിങ്ങള്‍, പിന്നെ കൃസ്ത്യാനികള്‍. മതന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും അജണ്ടയാണ് ഓര്‍ഗനൈസറിലൂടെ പുറത്തു വന്നിരിക്കുന്നത്.
വഖഫ് ബില്‍ വഴി വഖഫ് സ്വത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നു. ഇനി അടുത്ത ഇരകള്‍ കൃസ്ത്യാനികളാണ്. ഇതുകൊണ്ടാണ് ഞങ്ങള്‍ വഖഫ് ബില്ലിനെ ഒന്നിച്ചു നിന്ന് എതിര്‍ത്തത്. വഖഫ് ബില്ലിനെതിരെ ഇന്ത്യയിലെ മുഴുവന്‍ പ്രതിപക്ഷ കക്ഷികളേയും ഒന്നിച്ച് അണി നിരത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള കോണ്‍ഗ്രസിന്റ പോരാട്ടം തുടരും. ജബല്‍പൂരില്‍ ക്രിസ്ത്യന്‍ വൈദികരെ സംഘ് പരിവാര്‍ സംഘടനകള്‍ ആക്രമിച്ചു. പോലീസിനു മുന്നില്‍ വെച്ചു നടന്ന അതിക്രമത്തിനു പോലും എഫ്.ഐ.ആര്‍ ഇടാന്‍ അവര്‍ തയാറിയില്ല. ഒടുവില്‍ കടുത്ത സമ്മർദത്തെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ പോലും രണ്ടു മൂന്നു ദിവസത്തിനു ശേഷം ഇടുന്നത്. പക്ഷേ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല. അതേ സംഘ് പരിവാര്‍ സംഘടനകള്‍ കേരളത്തില്‍ ക്രൈസ്തവരെ താലോലിക്കാന്‍ ശ്രമിക്കുന്നതിനു പിന്നിലുള്ള പൊള്ളത്തരം തിരിച്ചറിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.