ആല : ആലാ ഹിന്ദുമതപരിഷത്തിന്റെ ഒമ്പതാം സമ്മേളനം എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ ആവശ്യമാണ് ഹൈന്ദവ നവോത്ഥാനമെന്ന് പ്രീതി നടേശൻ പറഞ്ഞു. സനാതന ധർമ്മത്തിന്റെ സത്തയുൾക്കൊണ്ട് യുവതലമുറ വളർന്നു വന്നില്ലെങ്കിൽ അത് രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്ന ചരിത്രമാണ് ഭൂതകാലം നമ്മെ പഠിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ഭാരതീയ നാഗസന്യാസിമാരുടെ കൂട്ടായ്മയായ പ്രയാഗ് രാജ് ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വരൻ ആനന്ദവനം ഭാരതി സ്വാമി പ്രഭാഷണം നടത്തി.
വേദാന്തം മനുഷ്യ വേദനയ്ക്കു ഉതകുന്ന മരുന്നായി പ്രയോഗിക്കുക എന്നതാണ് നമ്മുടെ കാലം നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. അതിനായി ഓരോ സനാതനധർമ്മവിശ്വാസിയും പരിശ്രമിക്കേണ്ടതുണ്ട്. ഈ പരിശ്രമത്തിനുള്ള ഒന്നാം പടി പൗരാണികശാസ്ത്രങ്ങളുടെ ശ്രദ്ധയോടെയുള്ള പഠനമാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന കാര്യദർശി അഡ്വ. അനിൽ വിളയിൽ അദ്ധ്യക്ഷത വഹിച്ചു. ജി. അമൃതരാജ്, ആർ. രാധേഷ് എന്നിവർ സംസാരിച്ചു.