തൃശൂർ; തൃശൂർ ജില്ലയിൽ നഴ്സുമാരുടെ പണിമുടക്ക് താത്ക്കാലികമായി പിൻവലിച്ചു. നാളെ മുതല്‍ 7 ദിവസം യുഎന്‍എ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. നൈൽ ആശുപത്രി എം.ഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഈ മാസം പത്ത് മുതല്‍ സമ്പൂര്‍ണ്ണ പണിമുടക്കെന്നും യുഎന്‍എ അറിയിച്ചു. ജില്ലാ കളക്ടറുമായി യുഎൻഎ ഭാരവാഹികൾ ചർച്ച നടത്തി. സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോക് നേരിട്ട് അന്വേഷിക്കുമെന്ന് കലക്ടർ വ്യക്തമാക്കി. നൈൽ ആശുപത്രിയിലെ തൊഴിൽ തർക്കത്തിൽ ഇടപെടുമെന്നും കലക്ടർ കൂട്ടിച്ചേർത്തു.
നൈൽ ആശുപത്രിയില്‍ ഏഴ് വര്‍ഷമായി 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത് എന്നാണ് നഴ്സുമാര്‍ പറയുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനെ തുടര്‍ന്ന് ഏഴ് പേരെ പിരിച്ച് വിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബർ ഓഫീസിൽ ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കിടെ നൈൽ ആശുപത്രി എംഡി, നഴ്സുമാരെ തട്ടിമാറി പോവുകയായിരുന്നുവെന്നും ഇതിനെ നിലത്ത് വീണ ഗര്‍ഭിണിയായ നഴ്സിനെ ചവിട്ടിയിട്ടാണ് എംഡി ഡോ. അലോക് പുറത്തേക്ക് പോയതെന്നും നഴ്സുമാര്‍ ആരോപിച്ചു.