പത്തനംതിട്ട : മണ്ഡലത്തിലെ സമഗ്രവികസനമാണ് ലക്ഷ്യം വെക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കര്‍ഷകക്ഷേമവകുപ്പും അടൂര്‍ മുനിസിപ്പാലിറ്റി കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ഹോര്‍ട്ടി കോര്‍പ്പിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കണ്ടെയ്നര്‍ മോഡ് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം അടൂര്‍ ബൈപാസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ നടപ്പാക്കാന്‍ പോകുന്ന കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികളുടെ പൈലറ്റ് പദ്ധതിയാണ് നിറപൊലിവ് വിഷന്‍ 2026. കൂട്ടായ പരിശ്രമത്തിലൂടെ എല്ലാ ഭൂമിയും കാര്‍ഷികഉല്‍പ്പന്നങ്ങളുടെ കലവറയാക്കണം. എല്ലാ മേഖലകളുമായി ബന്ധപ്പെടുത്തി വിപുലമായ രീതിയിലൂടെ കാര്‍ഷികഉത്പാദനം, മത്സ്യസമ്പത്ത്, ക്ഷീരോല്പാദനം തുടങ്ങിയ വിവിധ മേഖലകളില്‍ മണ്ഡലം സ്വയംപര്യാപ്തത കൈവരിക്കണം. ഇതിനായി അടൂര്‍ മുനിസിപ്പാലിറ്റിയുടെ കണ്ടെയ്നര്‍ മോഡ് ഔട്ട്ലെറ്റ്, കടമ്പനാട് പഞ്ചായത്തില്‍ ചക്കഗ്രാമം പദ്ധതി, കൊടുമണ്‍ പഞ്ചായത്തില്‍ അഗ്രി ക്ലിനിക് ആന്‍ഡ് ഫാര്‍മസി, പള്ളിക്കല്‍ പഞ്ചായത്തില്‍ മില്ലറ്റ് ഗ്രാമം പദ്ധതി എന്നീ നാല് പൈലറ്റ് പദ്ധതികളാണ് ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് പ്രദീപ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ കൗണ്‍സിലര്‍ ഡി സജി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അജി.പി.വര്‍ഗീസ്, അടൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ അഡ്വ. എസ് വേണുഗോപാല്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ചാര്‍ജ് മേരി.കെ.അലക്‌സ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോജി മറിയം ജോര്‍ജ്, രശ്മി സി ആര്‍, ജോയ്‌സി കെ കോശി, മാത്യു എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.