റാന്നി: മക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമ്മിക്കാനുള്ള തടസ്സങ്ങൾ നീങ്ങിയതായി അഡ്വ. പ്രമോദ് നാരായൺ എം എൽ എ അറിയിച്ചു. പുതിയ കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റാനുള്ള പഴവങ്ങാടി പഞ്ചായത്തിന്റെ നടപടികൾ വൈകിയതാണ് നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകാൻ ഇടയാക്കിയത്. മരങ്ങൾ ലേലം ചെയ്ത മുറിച്ചു മാറ്റിയതോടെയാണ് തടസ്സങ്ങൾ നീങ്ങിയത്. നേരത്തെ പലതവണ പഞ്ചായത്ത് ടെൻഡർ നടത്തിയിരുന്നെങ്കിലും കരാറുകൾ ആരും പങ്കെടുത്തിരുന്നില്ല. മക്കപ്പുഴ പിഎച്ച്സി യുടെ നിർമ്മാണത്തിനായി 1.45 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
രണ്ടു നിലകളാണ് കെട്ടിടത്തിനുള്ളത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണ ചുമതല. റാന്നിയുടെ താലൂക്ക് ആസ്ഥാനമായ പഴവങ്ങാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവായിരുന്നു. ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കുന്നതിനോ മരുന്നുകൾ സൂക്ഷിക്കുന്നതിനോ ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും നേഴ്സും മാർക്കും വിശ്രമിക്കുന്നതിനോ യാതൊരു സൗകര്യവും ഇവിടെ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയുടെ സമഗ്ര വികസനം എന്ന ലക്ഷ്യത്തോടെ പുതിയ കെട്ടിടത്തിന് എൽഡിഎഫ് സർക്കാർ ഫണ്ട് അനുവദിച്ചത്.