തിരുവനന്തപുരം: എൻ.സി.പിക്കാർ വധിക്കാൻ ശ്രമിച്ചെന്ന കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിന്‍റെ പരാതി നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എം.എൽ.എയുടെ പരാതി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിലൂടെ കോൺഗ്രസിലെ എം. വിൻസെന്‍റ് ആവശ്യപ്പെട്ടു. തോമസ് കെ. തോമസിന്‍റെ പരാതിയിൽ ശരിയായ രീതിയിൽ അന്വേഷണം നടത്താതിരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് എം. വിൻസെന്‍റ് ആരോപിച്ചു. ഏഴാം തീയതി പരാതി കിട്ടിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, രണ്ട് വർഷമായി പരാതി നിലനിൽക്കുന്നുണ്ട്.
2022ൽ രണ്ടു തവണ എം.എൽ.എയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം നിലനിൽക്കുകയാണ്. ദൈവവചനവും പിണറായി സ്തുതിയുമായി നടക്കുന്ന പാവമാണ് തോമസ് കെ. തോമസ്. ഭരണപക്ഷത്തെ എം.എൽ.എയുടെ പരാതിയിൽ വേഗത്തിൽ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും വിൻസെന്‍റ് ചോദിച്ചു. എം.എൽ.എയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. അന്വേഷണം നടത്തുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. എം.എൽ.എക്ക് പൊലീസിനെതിരെ പരാതിയില്ലെന്നും മുഖ്യമന്ത്രി വ്യക്കമാക്കി.