കണ്ണൂർ : പ്രതിപക്ഷം പ്രവർത്തിക്കുന്നത് പ്രത്യേക രീതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ നാടിനോട് പ്രത്യേകമായ പകയോടെ കേന്ദ്രസർക്കാർ പെരുമാറുന്നത് ദേശീയ തലത്തിൽ തന്നെ ഇപ്പോൾ ഗൗരവമായി ചർച്ച ചെയ്യപ്പെടുകയാണ്. മറ്റൊരു മാർഗ്ഗവുമില്ലാത്ത ഘട്ടത്തിലാണ് ഡൽഹിയിൽ പോയി സമരം ചെയ്യേണ്ട സാഹചര്യം വന്നത്. പലപ്പോഴും കേരളത്തെ അവഗണിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്തപ്പോൾ ഇത് ശരിയല്ലെന്നും ഈ നിലപാട് തിരുത്തണമെന്നും പലവട്ടം ആവശ്യപ്പെട്ടു.
പക്ഷേ, ഫലമുണ്ടായില്ല.ഡൽഹിയിൽ നമ്മൾ നടത്തിയ സമരത്തിന് തൊട്ടുമുമ്പ് കർണാടക മുഖ്യമന്ത്രിയും മന്ത്രിമാരും സമരം നടത്തി. അവരും കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രസംഗിച്ചു. കോൺഗ്രസിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷൻ പാർലമെന്റിൽ സംസാരിക്കുമ്പോൾ ഇക്കാര്യം പറഞ്ഞു. എന്നാൽ, നമ്മുടെ സംസ്ഥാനത്തെ കോൺഗ്രസുകാർക്ക് ഇതിനോട് ഒട്ടും യോജിക്കാനായില്ല. ബി.ജെ.പിക്ക് വിഷമമുണ്ടാക്കുന്നതൊന്നും ഇവിടെ കോൺഗ്രസ് ചെയ്യില്ല. കേന്ദ്ര അവഗണന എത്രയെന്ന് രാജ്യത്തെ ബോദ്ധ്യപ്പെടുത്താൻ ഡൽഹി സമരത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.