തിരുവനന്തപുരം: ജീവിതത്തിലെ പ്രധാന നാഴികക്കല്ലാണ് പദ്മഭൂഷൺ ബഹുമതിയെന്ന് മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ. ഇതിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. ദൈവഹിതമായി കാണുന്നു. അംഗീകാരം വിനയപൂർവം സ്വീകരിക്കുന്നതായും രാജഗോപാൽ വ്യക്തമാക്കി. പൊതുരംഗത്തെ ജീവിതം കണക്കിലെടുത്താണ് ബഹുമതി നൽകുന്നത്. സ്വാർഥതയോ പക്ഷപാതമോ ഇല്ലാതെ എല്ലാവരെയും സമചിത്തതയോടെ ഒന്നായി കണ്ടുള്ളതായിരുന്നു പൊതുപ്രവർത്തനരീതി.
അഭിഭാഷകവൃത്തിയിൽനിന്നാണ് രാഷ്ട്രീയത്തിലേക്കു വന്നത്. അന്ന് ജനസംഘമെന്നു കേൾക്കുമ്പോൾ കക്ഷികൾ ആശ്ചര്യപ്പെട്ടിരുന്നു. മറ്റ് പാർട്ടികളിൽ പോകാത്തതെന്താണെന്ന് അവർ ചോദിച്ചു. ബി.ജെ.പി.യിൽ ഉറച്ചുനിന്നു പ്രവർത്തിച്ചു. തിരഞ്ഞെടുപ്പുകളിൽ തോറ്റിട്ടുണ്ട്. പക്ഷേ, നിരാശനായിട്ടില്ല. അതിനുള്ള പ്രതിഫലംകൂടിയാകണം സർക്കാരിന്റെ തീരുമാനം -ഒ.രാജഗോപാൽ പറയുന്നു.