പന്തളം : പന്തളം-മാവേലിക്കര റോഡിന്‍റെ പണി ഇനിയും തീരാതെ ബാക്കി. ഒരുവർഷം മുമ്പ് തുടങ്ങിയ പണി ഇതുവരെ പൂർത്തിയായിട്ടില്ല. മഴക്കാലമായതോടെ പകുതി പണിത ഓടയിൽ വെള്ളം കെട്ടിനിൽക്കുകയാണ്. കലുങ്കും ഓടയും പണിയാൻ കുഴിയെടുത്തിട്ട് നാളുകളായി ഇപ്പോഴാണ് പണി ആരംഭിച്ചത്. റോഡ് ഉയർത്തുന്ന ഭാഗത്ത് വലിയപൊക്കത്തിൽ ഓട പണിതതിനാൽ വീട്ടിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്.
ചിലയിടത്ത് താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും മണ്ണിട്ട് നികത്താനുള്ള ഭാഗം പോലും നന്നാക്കിയിട്ടില്ല. ഇത്രയുമൊക്കെയായിട്ടും കരാറുകാർക്ക് പണിയിൽ വേഗമില്ല. തൃക്കുന്നപ്പുഴ-പത്തനംതിട്ട റോഡിന്റെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി പന്തളം മാവേലിക്കര റോഡിൽ നടക്കുന്ന പണിയാണ് ബുദ്ധിമുട്ടാകുന്നത്. അത്യാധുനിക സംവിധാനവും യന്ത്രങ്ങളുമുണ്ടെന്ന് പറയുമ്പോഴും പണിക്ക് വേഗം പോര. ഓട പണിതെങ്കിലും സ്ലാബ് പലയിടത്തും ഇട്ടിട്ടില്ല. ആഴമുള്ള ഓടയായതിനാൽ അപകടം ഉണ്ടാകാനും ഇടയുണ്ട്.
ഐരാണിക്കുടി പാലം മുതൽ മുട്ടാർ കവലവരെയുള്ള ഭാഗത്താണ് ഇപ്പോൾ പണി നടക്കുന്നത്. മുടിയൂർക്കോണം ധർമശാസ്താ ക്ഷേത്രംവരെയുള്ള ഭാഗം ഒരു പാളി ടാറിങ് നടത്തിയിട്ടുണ്ടെങ്കിലും അരികിൽ മണ്ണിട്ട് വീടുകളിലേക്ക് ഇറങ്ങാനുള്ള സൗകര്യം ചെയ്തുകൊടുക്കുവാനുണ്ട്. വ്യാഴാഴ്ച മണ്ഡലകാലം ആരംഭിക്കുന്നതോടെ ഈ റോഡിൽ തിരക്കനുഭവപ്പെടും. ആലപ്പുഴ ജില്ലയിൽനിന്നുള്ള തീർത്ഥാടകരിലധികവും പന്തളംവഴി പത്തനംതിട്ടയിലെത്തി ശബരിമലയിലേക്ക് പോകുന്നവരാണ്. വീതികുറവുള്ള റോഡിൽ പണികൂടിയാകുമ്പോൾ യാത്രക്കാർ വലയും.