മലപ്പുറം: യാത്രക്കാരിയിൽ നിന്നും അമിതമായി പിഴ ഈടാക്കിയെന്ന പരാതിയിൽ റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷന്‍റെ വിധി. നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയായ മുള്ളമ്പാറ സ്വദേശി കാടൻതൊടി ഹിതക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. രാജ്യറാണി എക്സ്പ്രസിൽ വാണിയമ്പലത്തു നിന്നും കയറിയ ഹിതയുടെ കൈവശം അങ്ങാടിപ്പുറത്തുനിന്ന് കൊച്ചുവേളിയിലേക്കുള്ള തത്കാൽ യാത്രാടിക്കറ്റാണ് ഉണ്ടായിരുന്നത്. വാണിയമ്പലത്തു നിന്ന് ടി.ടി.ഇ ടിക്കറ്റ് പരിശോധിച്ചപ്പോൾ അങ്ങാടിപ്പുറം മുതലുള്ള ടിക്കറ്റാണ് ഇവരുടെ കയ്യിലുള്ളതെന്ന് കണ്ടെത്തി.
ഇതേതുടർന്ന്, മതിയായ ടിക്കറ്റ് ഇല്ലാത്തതിനാൽ പിഴയായി 250 രൂപയും ട്രെയിൻ പുറപ്പെട്ട നിലമ്പൂരിൽ നിന്നും ടിക്കറ്റ് പരിശോധന നടക്കുന്നത് വരേക്കും ഉള്ള യാത്ര ടിക്കറ്റായി 145 രൂപയും ഈടാക്കി. ഇതിനു പുറമെ അങ്ങാടിപ്പുറത്തേക്ക് യാത്ര ചെയ്യാൻ 145 രൂപ കൂടി യുവതിയിൽ നിന്നും ടിക്കറ്റ് എക്സാമിനർ ഈടാക്കി. ഇത് ചോദ്യം ചെയ്തു കൊണ്ട് നൽകിയ ഹർജി യിലാണ് കമ്മീഷന്‍റെ ഉത്തരവ്. പിഴയായി 250 രൂപ നിയമാനുസൃതം വാങ്ങിയതിനു ശേഷം യഥാർഥത്തിൽ ട്രെയിൻ പുറപ്പെട്ട സ്ഥലം മുതൽ യാത്ര ചെയ്യാൻ ടിക്കറ്റ് കൈവശമുള്ളതുവരേക്കും 145 രൂപയുടെ ടിക്കറ്റ് മതി. എന്നിട്ടും, അങ്ങാടിപ്പുറം വരെ യാത്ര ചെയ്യാൻ അധികമായി 145 രൂപ ഈടാക്കിയതിന് അടിസ്ഥാനമില്ല.
ടിക്കറ്റില്ലാത്ത യാത്ര കണ്ടെത്തിയ ശേഷം തുടർയാത്രക്ക് പ്രത്യേകം ടിക്കറ്റെടുക്കണമെന്ന വ്യവസ്ഥ പരാതിക്കാരിയുടെ സാഹചര്യത്തിൽ ബാധകമല്ലെന്ന് കമ്മീഷൻ വിധിച്ചു. ടിക്കറ്റ് പരിശോധനക്കിടയിൽ യാത്രക്കാരി ഈ കാര്യം ബോധിപ്പിച്ചുവെങ്കിലും പരാതിക്കാരിയിൽ നിന്നും നിർബന്ധപൂർവം അമിതമായി പിഴ ഈടാക്കുകയായിരുന്നുവെന്ന് കണ്ടെത്തിയാണ് കമ്മീഷന്‍റെ വിധി. പരാതിക്കാരിക്ക് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5000 രൂപയും അധികമായി ഈടാക്കിയ 145 രൂപയും ഒരു മാസത്തിനകം നല്കണമെന്നും വീഴ്ച വന്നാൽ 12 ശതമാനം പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡൻറും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.