trong>കോഴിക്കോട് : ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി കെ അശോകനാണ് മർദ്ദനമേറ്റത്. ആശുപത്രിയിലെ നഴ്സിംഗ് സ്റ്റേഷൻ കൗണ്ടറിന്റെ ചില്ലുകളും രോഗിയുടെ ബന്ധുക്കൾ തകർത്തു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസ് എടുത്തു. ഫാത്തിമ ആശുപത്രിയിൽ വെച്ച് ഒരാഴ്ച മുമ്പ് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞു പ്രസവത്തിനിടെ മരിച്ചിരുന്നു.
എങ്കിലും ശാരീരിക ആവശതകളെ തുടർന്ന് യുവതി ചികിത്സയിൽ തുടരുകയായിരുന്നു. ഗൈനക്കോളജിസ്റ്റായ ഡോക്ടർ അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടെ യുവതിയുടെ സി ടി സ്കാൻ റിസൾട്ട് വൈകിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഇതിനിടയിലാണ് രോഗിയുടെ ബന്ധുക്കൾ നഴ്സിംഗ് കൌണ്ടറിന്റെ ചില്ലുകൾ ചെടിച്ചട്ടികൾ കൊണ്ട് എറിഞ്ഞു തകർത്തത്. ഇതിനിടെ സ്ഥലത്തെത്തിയ ഡോക്ടർ അനിതയുടെ ഭർത്താവായ ഡോക്ടർ അശോകനെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ അനാവശ്യമായി പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോക്ടർ അശോകനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്നു ഐ എം എ അറിയിച്ചു.