ചെങ്ങന്നൂര്‍: പുലിയൂര്‍ പഞ്ചായത്തിലെ പേരിശ്ശേരി മഠത്തുംപടിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സംഘത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേട് നടക്കുന്നതായി പരാതി. സംഘത്തിലെ പകുതിയോളം സഹകാരികളെ ഒഴിവാക്കിക്കൊണ്ട് തങ്ങളുടെ ഇഷ്ടക്കാരെ മാത്രം നിലനിര്‍ത്തി, തെരഞ്ഞെടുപ്പ് വിജ്ഞാപനം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാതെ, സംഘത്തിന്റെ നോട്ടീസ് ബോര്‍ഡില്‍ സഹകാരികള്‍ കാണും വിധം പ്രദര്‍ശിപ്പിക്കാതെയും, സംഘത്തിന്റെ പരിധിക്ക് പുറത്തുള്ള ആള്‍ക്കാര്‍ അധികാര സ്ഥാനങ്ങളിലേക്ക് വരത്തക്കവിധം ചട്ടലംഘനം നടത്തിക്കൊണ്ടും, തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടത്തിയതായി പറയുന്നു.
മേലുദ്യോഗസ്ഥരുടെ ഒത്താശയോടുകൂടി ഏകപക്ഷീയമായി നടത്തുന്ന ഈ അധികാര ദുര്‍വിനിയോഗത്തിനെതിരെയും, നിയമത്തെ ലംഘിച്ച് കൊണ്ട് നടത്തുന്ന അനധികൃതമായ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ബിജെപി മാന്നാര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രമേശ് പേരിശ്ശേരി, ശ്രീജ പത്മകുമാര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് മുട്ടാട്ട്, ജനറല്‍ സെക്രട്ടറി സേതുനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ക്ക് ബിജെപി പരാതി കൊടുത്തു. തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് നിയമാനുസൃതമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താത്തപക്ഷം ബിജെപി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്‍പോട്ടു പോകുമെന്നും അറിയിച്ചു.