മൂന്നാര്‍: കുടിവെള്ളത്തില്‍ മുത്രമൊഴിച്ചു വച്ചയാള്‍ക്കെതിരെ നടപടി വൈകുന്നതായി ആരോപണം. ചൊക്കനാട് എസ്റ്റേറ്റിലെ കൊളമാങ്ക ഡിവിഷനിലെ തേയില തോട്ടത്തില്‍ ജോലി ചെയ്തു വന്നിരുന്ന വനിതാ തൊഴിലാളിയുടെ കുടിവെള്ളത്തിലാണ് മുത്രമൊഴിച്ച് വച്ചത്. ചൊക്കനാട് എസ്റ്റേറ്റിലെ കൊളമാങ്ക ഡിവിഷന്‍ സ്വദേശിയായ ജയരാജ് (45) ന് എതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 22 നായിരുന്നു കേസിനാസ്പദമായ സംഭവം. ബാഗില്‍ കുടിവെള്ളം സൂക്ഷിച്ചിരുന്ന കുപ്പിയില്‍ മൂത്രം ഒഴിക്കുകയും ഇതറിയാതെ വെള്ളം കുടിച്ചതു വഴി ശാരീരികാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ട സംഭവത്തിലാണ് പ്രതിക്കെതിരെ പോലീസ് നടപടി എടുക്കാന്‍ വൈകുന്നതായി ആരോപണം.
പിന്നോക്ക വിഭാഗക്കാരിയായ തന്റെ മേലുള്ള വ്യക്തി വൈരാഗ്യവും വംശീയ വിദ്വേഷവും മൂലമാണ് സംഭവമെന്ന് തൊഴിലാളി പറയുന്നു. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ഇയാള്‍ക്കെതിരെ നടപടി അകാരണമായി വൈകിപ്പിക്കുകയാണെന്നും പരാതിക്കാരിയും ബന്ധുക്കളും ആരോപിച്ചു. സംസ്ഥാന മുഖ്യമന്ത്രി, തൊഴില്‍വകുപ്പ് മന്ത്രി, എസ്.സി, എസ്.റ്റി കമ്മീഷണര്‍, ജില്ലാ പോലീസ് മേധാവി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി വൈകുകയാണെന്ന് പരാതിക്കാരി പറയുന്നു.