ബംഗളൂരു: കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിനെ കയറ്റാതെ വിമാനം പറന്ന സംഭവത്തിൽ വിമാനകമ്പനിയായ എയർ ഏഷ്യ അന്വേഷണം ആരംഭിച്ചു. ബെംഗളൂരു-ഹൈദരാബാദ് വിമാനമാണ് ഗവർണറെ കയറ്റാതെ പറന്നത്. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവൻ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് എയർ ഏഷ്യ അന്വേഷണം ആരംഭിച്ചത്. വിമാനം പറന്നുയുരന്നതിന് 15 മുമ്പ് എത്തിയിട്ടും ഗവർണറെ കയറ്റിയില്ലെന്നാണ് പരാതി.
ഉച്ചയ്ക്ക് 1.10ന് രാജ്ഭവനിൽ നിന്ന് പുറപ്പെട്ട ഗവർണർ 1.35ഓടെ ടെർമിനൽ-1ലെ വിഐപി ലോഞ്ചിലെത്തി. ഗവർണറുടെ ലഗേജുകൾ വിമാനത്തിൽ കയറ്റുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് 2.06ന് ഗവർണർ വിമാനത്തിന്റെ ഗോവണിയിലെത്തി. എന്നാൽ വിമാനത്തിൽ കയറാൻ എയർ ഏഷ്യ ജീവനക്കാർ അനുവദിച്ചില്ല. വിമാനത്തിന്റെവാതിലടച്ചിട്ടുണ്ടെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണമെന്നും ഗവർണറുടെ പ്രോട്ടോക്കോൾ ഓഫീസർ എം വേണുഗോപാൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയന്നു.