തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ്ജിൻെറ ഓഫീസിനെതിരായ കോഴ ആരോപണത്തിലെ ഗൂഢാലോചന കണ്ടെത്താനാകാതെ പോലീസ്. കേസെടുത്ത് അന്വേഷണം തുടങ്ങി ഒന്നരമാസം ആയിട്ടും ആരോപണ വിധേയനും പ്രധാന പ്രതിയെന്നും പറയുന്ന മുൻ എസ്എഫ്ഐ നേതാവിനെ പിടികൂടാൻ ആയിട്ടില്ല. പോലീസ് അന്വേഷണം കഴിയട്ടെ, ചിലത് പറയാനുണ്ടെന്നാണ് ആരോഗ്യമന്ത്രി അടിക്കടി ആവർത്തിക്കുന്നത്. പക്ഷെ കോഴ വിവാദത്തിലെ പ്രധാന സൂത്രധാരനെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. കേസ് എടുത്ത് അന്വേഷണം തുടങ്ങി ഒന്നര മാസത്തിന് ശേഷവും ഗൂഢാലോചന ആസൂത്രണം ചെയ്തതാരെന്നോ എന്തിനെന്നോ വ്യക്തമാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുമില്ല. ഗൂഢാലോചനയിലെ മുഖ്യ പ്രതി മുൻ എസ്എഫ്ഐ നേതാവും കോഴിക്കോട് സ്വദേശിയുമായ ലെനിനാണെന്നാണ് നിലവിൽ പിടിയിലായവരുടെ മൊഴി.
പോലീസ് അന്വേഷണം നടക്കുന്നതിനിടെ ലെനിൻ മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസിൽ അറസ്റ്റിലായ ബാസിത്തും അഖിൽ സജീവനും റഹീസുമാകട്ടെ മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഉന്നയിച്ചതിൽ പരസ്പരം പഴിചാരി പോലീസിനെ വട്ടം ചുറ്റിക്കുകയാണ്. ലെനിനാണ് എല്ലാം ചെയ്തതെന്നാണ് ഇവരുടെ മൊഴി. അതേസമയം പണം വാങ്ങി തട്ടിപ്പ് നടത്തിയവർ മന്ത്രിയുടെ ഓഫീസിനു നേരെ എന്തിന് ആരോപണം ഉന്നയിച്ചെന്ന അടിസ്ഥാന ചോദ്യത്തിന് പോലും ഇതുവരെ ഉത്തരവും കിട്ടിയിട്ടില്ല. സെപ്തംബർ 27നാണ് മലപ്പുറം സ്വദേശിയായ ഹരിദാസൻ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കോഴ ആരോപണം ഉന്നയിക്കുന്നത്. മെഡിക്കൽ ഓഫീസർ നിയമനത്തിനായി മന്ത്രിയുടെ പിഎ അഖിൽ മാത്യു സെക്രട്ടറിയേറ്റിന് മുന്നിൽ വെച്ച് പണം വാങ്ങിയെന്നായിരുന്നു ആരോപണം.