കോട്ടയം : ഏറ്റുമാനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മർദ്ദിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ്. പരാതിക്കാരാനായ യുവാവ് വർഷങ്ങളായി ലഹരിക്ക് അടിമയാണ്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ 5 കേസുകൾ നിലവിലുണ്ടെന്നും കാപ്പാ നടപടിക്ക് ശുപാർശ ചെയ്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. പേരൂർ സ്വദേശിയായ അഭയ് എസ് രാജീവിന്റെ കുടുംബമാണ് പോലീസിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. പരാതിക്കാരാനായ അഭയ് എസ് രാജീവ് കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി. നടുറോഡിൽ ബൈക്ക് നിർത്തിയ ശേഷമായിരുന്നു തർക്കം. സംഭവമറിഞ് സ്ഥലത്തെത്തിയ പോലീസിനെയും അക്രമിക്കാനായിരുന്നു അഭയുടെ ശ്രമം.
തുടർന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയും പോലീസ് വാഹനത്തിൽ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. വാഹനത്തിൽ വെച്ചും പോലീസിനെ മർദിക്കാനായിരുന്നു പ്രതിയുടെ നീക്കം. ഇതിന് പിന്നാലെ ഏറ്റുമാനൂർ സിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന അഭയ് യെ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് യുവാവിന്റെ മാതാപിതാക്കൾ പരാതിയുമായി രംഗത്ത് വന്നു. അഭയ് 15 വയസ്സ് മുതൽ ലഹരിക്ക് അടിമയാണെന്നും ലഹരി ഉപയോഗിച്ച് മാനസിക നില തെറ്റിയ വ്യക്തിയാണെന്നും പോലീസ് പറയുന്നു. യുവാവിന്റെ മാനസിക നില വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും പോലീസ് വെളിപ്പെടുത്തി.
ഏറ്റുമാനൂർ, ചിങ്ങവനം, കോട്ടയം ഈസ്റ്റ്, വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ 5 കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ലഹരി വിമോചന കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന യുവാവ് പുറത്തിറങ്ങിയാൽ വീണ്ടും അക്രമം നടത്താൻ സാധ്യതയുള്ളതിനാൽ കാപ്പാ നിയമനടപടിക്കും പോലീസ് ശുപാർശ ചെയ്തിട്ടുണ്ട്. പോലീസിന്റെ റൗഡി ഹിസ്റ്ററി ലിസ്റ്റിലും അഭയ് ഉൾപ്പെട്ടിട്ടുണ്ട്. 23 വയസ്സ് മാത്രം പ്രായമുള്ള യുവാവാണ് ലഹരിയുടെ പിടിയിലമർന്ന് മാനസിക നില തെറ്റി ജീവിതം താറുമാറാക്കിയത്. സംഭവം ഇതായിരിക്കെയാണ് ചില മാധ്യമങ്ങൾ വീട്ടുകാരുടെ വാക്കുകേട്ട് പോലീസിന് എതിരായി വാർത്ത നൽകിയത്.