പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുണ്ടുകോട്ടക്കല്‍ എസ് എൻ
എസ് എൻ എസ് വി എം യു പി സ്കൂളിലെ പോളിംഗ് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ കൗൺസിലർ ആൻസി തോമസിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. 223, 224, 225 ബൂത്തുകളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. ഒരു ബൂത്തിൽ ആയിരത്തിൽപരം വോട്ടുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കടമ്മനിട്ട അയിരൂർ റോഡിൽ 60 ൽ പരം പടികൾ ചവിട്ടിക്കയറിയാണ് ഇവിടെ നാട്ടുകാര്‍ വോട്ടവകാശം രേഖപ്പെടുത്തേണ്ടത്. പ്രായമായവർ, ഹൃദ്രോഗികൾ, തളർവാതം പിടിപെട്ടവർ തുടങ്ങിയവർക്ക് വോട്ട് അവകാശം പൂർണ്ണമായും രേഖപ്പെടുത്താൻ ഈ ബൂത്തുകളില്‍ കഴിയുന്നില്ല.
ഇത് സംബന്ധിച്ച് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി കെ സൈമൺ ഹൈക്കോടതിയെ സമീപിച്ച് ഡോളി ഉത്തരവ് വാങ്ങിയിട്ടുള്ളതാണ്. തുടർച്ചയായ അഞ്ചു തെരഞ്ഞെടുപ്പുകളിലും (തദ്ദേശം, നിയമസഭ, പാർലമെന്റ്) ഡോളി സംവിധാനം ഏർപ്പെടുത്തിയെങ്കിലും കുത്തനെയുള്ള കയറ്റം കാരണം വോട്ടർമാർ ഭീതിയിലാണ്. കയറുന്ന വോട്ടർമാർ പലരും മോഹാലസ്യപ്പെട്ട് താഴെവീണ് പരിക്ക് പറ്റിയിട്ടുള്ളതുമാണ്. വോട്ടർമാരുടെ സൗകര്യാർത്ഥം തെരഞ്ഞെടുപ്പ് കേന്ദ്രം എത്രയുംവേഗം മാറ്റിസ്ഥാപിക്കണമെന്ന് ജില്ലാ കളക്ടർക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.