പന്തളം: പന്തളം നഗരസഭയിലെ റോഡുകളുടെ ശോചന്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരുപത്തിയാറാം വാർഡ് കോൺഗ്രസ് കമ്മിറ്റി നഗരസഭയ്ക്ക് പരാതി നൽകി. കഴിഞ്ഞ കുറേ വർഷങ്ങളായി 26ാം വാർഡിലെ മുൻസിപ്പൽ പരിധിയിലുള്ള റോഡുകളുടെ സ്ഥിതി വളരെ പരിതാപകരമാണ്. സി. എം. ഹോസ്പിറ്റലിൽ നിന്നും പന്തളം പബ്ലിക് ലൈബ്രറി വരെയുള്ള റോഡ്, പന്തളം പബ്ലിക് ലൈബ്രറി മുതൽ എൻ.എസ്സ്.എസ്സ്. മെഡിക്കൽ മിഷനിലേക്കുള്ള റോഡ്, പന്തളം പബ്ലിക് ലൈബ്രറി മുതൽ ശാസ്താംവിള ഭാഗത്തേക്കുള്ള റോഡ്, പന്തളം സഹകരണ സംഘത്തിന് മുൻവശത്ത് കൂടി മുട്ടാർ വരെ പോകുന്ന റോഡ്, ഇടറോഡുകൾ, കൂടാതെ ജലനിധിക്ക് വേണ്ടി വെട്ടിമുറിച്ച വാർഡിലെ മറ്റു റോഡുകൾ എല്ലാം തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്.
കൂടാതെ അശാസ്ത്രീയമായി നടത്തുന്ന റോഡ് പുനരുദ്ധാരണം ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. മഴക്കാലമായതോടെ വെള്ളക്കെട്ടുകളും കുഴികളും കാരണം അപകടങ്ങൾ നിത്യസംഭവമായി മാറിക്കഴിഞ്ഞു. ഈ റോഡുകളിലൂടെയുള്ള കാൽനട യാത്രയും ഇരുചക്രവാഹന യാത്രയും വളരെ ദുരിത പൂർണ്ണമാണ്. എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 26 ആം വാർഡ് കമ്മിറ്റി വാർഡ് പ്രസിഡൻറ് ആർ.സുരേഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി വിനോദ് മുകടിയിൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി ബൈജു മുകടിയിൽ, വാർഡ് ജനറൽ സെക്രട്ടറി ടി എസ് ശശിധരൻ എന്നിവര്‍ ആവശ്യപ്പെട്ടു.