തിരുവനന്തപുരം : ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിന്റെ മലക്കം മറച്ചിൽ കോൺഗ്രസ് നേരത്തെ തന്നെ വിമർശിച്ചു തുടങ്ങിയതാണ്. തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചുകൊണ്ട് മുസ്ലിം ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുന്ന സിപിഎമ്മിന്റെ സമീപനത്തെ കോൺഗ്രസ് വ്യക്തമായി ചൂണ്ടിക്കാട്ടിയതാണ്. ഈ വിഷയത്തിൽ മറ്റു ഘടകകക്ഷികളുടെ അഭിപ്രായം മാനിക്കാതെ സിപിഎം വല്യേട്ടൻ കളിച്ച് തീരുമാനങ്ങൾ കൈക്കൊണ്ടതിന് മുന്നണിയിൽ തന്നെ അസ്വാരസ്യങ്ങൾ ഉണ്ടെങ്കിലും സിപിഎം ആരോപണങ്ങൾ കൊണ്ട് വീർപ്പു മുട്ടുമ്പോൾ വീണ്ടും പരാതി ഉയർത്താതെ സിപിഎമ്മിന്റെ തീരുമാനത്തെ പിന്തുണയ്ക്കുക മാത്രമാണ് സിപിഐ ചെയ്തത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സി എം പി ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിന്റെ ലക്ഷ്യം തുറന്നു കാണിച്ചത് സിപിഎമ്മിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഏകീകൃത സിവിൽ കോഡ് വിഷയത്തിന്റെ പിതാവ് ഇഎംഎസ് നമ്പൂതിരിപ്പാട് ആണെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സിപി ജോൺ മാധ്യമങ്ങളോട് പറയുകയുണ്ടായി.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ എല്ലാവർക്കും ഒരു നിയമം മതി എന്ന് പറഞ്ഞതും ഇഎംഎസ് തന്നെയാണ്. ശരിഅത്ത് ഒരു പ്രാകൃത നിയമം ആണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു 1985 കാലഘട്ടത്തിലെ സിപിഎം നിലപാട്. എന്നാൽ നിലവിൽ ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം കാണിക്കുന്ന സമീപനത്തെ രാഷ്ട്രീയ പാപ്പരത്വം എന്നായിരുന്നു സിപി ജോൺ വിശേഷിപ്പിച്ചത്. അക്ഷരാർത്ഥത്തിൽ സിപിഎമ്മിനെ പിച്ചിച്ചീന്തുന്ന തരത്തിൽ ആയിരുന്നു സിപി ജോൺ വിമർശനമുന്നയിച്ചത്. പ്രതിപക്ഷ പാർട്ടികൾ മുൻപ് സിപിഎം നിലപാടിനെതിരെ ശബ്ദമുയർത്തിയിരുന്നുവെങ്കിലും ഇടതുപക്ഷ ചിന്താഗതിയിൽ അടിയുറച്ച ഒരു പാർട്ടിയുടെ നേതാവ് തന്നെ സിപിഎമ്മിനെതിരെ രംഗത്തെത്തിയിരിക്കുന്നു എന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല. ഏകീകൃത സിവിൽ കോഡ് വേണമെന്ന് ഇഎംഎസ് ആവശ്യപ്പെട്ട കാലഘട്ടത്തിൽ മുസ്ലിം വോട്ട് സിപിഎമ്മിന് അനിവാര്യമായിരുന്നില്ല എന്നതുകൂടി ഓർക്കണം. ഇഎംഎസിന്റെ നേതൃത്വത്തിൽ അന്ന് എടുത്ത നിലപാട് തെറ്റായിരുന്നു എന്ന് സിപിഎം അംഗീകരിക്കാൻ തയ്യാറായാൽ വിവാദങ്ങൾക്ക് ഒരു പരിധിവരെ പരിസമാപ്തമാകും. എന്നാൽ ഈ നിലപാട് തിരുത്തി പറയുവാൻ സിപിഎം എവിടെയും തയ്യാറായിട്ടില്ല എന്നത് സിപിഎമ്മിന് തന്നെ തിരിച്ചടി ആവുകയാണ്.
മാത്രമല്ല ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ചു രണ്ടാം പിണറായി സർക്കാർ വൻ പരാജയമാണെന്ന് മുന്നണിക്കുള്ളിൽ തന്നെ തോന്നിത്തുടങ്ങിയപ്പോൾ മൂന്നാമതൊരു തുടർഭരണം നേടിയെടുക്കാൻ ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് കക്ഷികളെ കൂട്ടുപിടിക്കുന്ന സമീപനവും സിപിഎമ്മിന്റെ യഥാർത്ഥ മുഖം വെളിവാക്കപ്പെട്ടു. എന്നാൽ മറുഭാഗത്ത് നിന്നും കക്ഷികളെ കൂട്ടുപിടിക്കാൻ ശ്രമിച്ചപ്പോൾ സ്വന്തം മുന്നണിയിൽ തന്നെ ഭിന്നത രൂപപ്പെട്ടു തുടങ്ങി. തുടർ ഭരണത്തിനുവേണ്ടി രണ്ടാം പിണറായി സർക്കാർ കാട്ടിക്കൂട്ടുന്ന വെപ്രാളമായി മാത്രമേ ഇതിനെ കണക്കാക്കാൻ സാധിക്കുകയുള്ളൂ. അതിനായി ഏകീകൃത സിവിൽ കോഡ് ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റി യുഡിഎഫിൽ നിന്ന് മുസ്ലിം ലീഗിനെ അടർത്തിമാറ്റി ഐക്യ ജനാധിപത്യ മുന്നണിയെ ഇല്ലാതാക്കാനുള്ള ശ്രമം സിപിഎമ്മിന് തന്നെ തിരിച്ചടിയാവുകയാണ്.
എം വി രാഘവനെപ്പോലുള്ള പ്രഗൽഭരായ നേതാക്കളെ സിപിഎമ്മിൽ നിന്നും പുറത്താക്കുവാൻ കാരണം തന്നെ ഏകീകൃത സിവിൽ കോഡിനോടുള്ള എതിർപ്പായിരുന്നു എന്നതും ശ്രദ്ധേയമാണ്. സിപിഎമ്മിനെതിരെ എതിർകക്ഷികൾ ആരോപണങ്ങൾ ഉന്നയിക്കുന്നത് കണ്ടില്ല എന്ന് നടിക്കുന്നതുപോലെ സിഎംപിയുടെ ആരോപണങ്ങൾ തള്ളിക്കളയാൻ കഴിയില്ല. മുസ്ലിം സമുദായത്തോട് ഒരു ശതമാനം പോലും ആത്മാർത്ഥതയില്ലാത്ത സിപിഎം തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചുകൊണ്ട് അവരെ കൂട്ടുപിടിക്കുന്നു എന്ന് സിഎംപി പോലെ ഒരു പാർട്ടി വിമർശിച്ചാൽ അത് സിപിഎം പോലെ ഒരു ഇടതുമുന്നണി ആത്മപരിശോധന നടത്തേണ്ടതുണ്ട്. കാരണം ഇരുരെയും വളർത്തിയത് ഒരേ വിപ്ലവ ആശയങ്ങളും മുദ്രാവാക്യങ്ങളും തന്നെയാണ്.