തിരുവനന്തപുരം : ജില്ലാ കളക്ടർമാരുടെ സഹായത്തിനായുള്ള ഡഫേദാർ തസ്തിക നിർത്തലാക്കുന്നു. പിഎസ്‌സിയിലെ 21 ഡഫേദാർ തസ്തിക നിർത്തലാക്കാനാണ് സർക്കാർ നീക്കം. ഡഫേദാർ തസ്തിക അറ്റൻഡർ തസ്തികകളാക്കി പരിവർത്തനം ചെയ്യും. പിഎസ്‌സി ശിപാർശ സർക്കാർ അംഗീകരിച്ചു. അറ്റൻൻ്റർ തസ്തികകളിലെ സ്ഥാനക്കയറ്റ പോസ്റ്റാണ് ഡഫേദാർ. എന്നാൽ അറ്റൻൻ്റർ സ്ഥാനത്ത് നിന്ന് പ്രമോഷൻ നേടി ഡഫേദാർ പോസ്റ്റ് ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. സംസ്ഥാനത്ത് 13 പോസ്റ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
അറ്റൻഡർ തസ്തികയിൽ കയറുന്ന ഒരാൾക്ക് ഡഫേദാർ ആയി സ്ഥാനക്കയറ്റം കിട്ടി കഴിഞ്ഞാൽ വിരമിക്കുന്ന കാലം വരെ ഡഫേദാർ ആയി തുടരേണ്ട സാഹചര്യമാണുള്ളത്. അതുകൊണ്ട് പ്രൊമോഷൻ തസ്തികയായി ഇത് ഏറ്റെടുക്കാൻ ആരും തയാറാകുന്നില്ല. പകരം അറ്റൻഡർ തസ്തികയിലിരുന്നുകൊണ്ട് വർക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായി മാത്രമാണ് ഈ പോസ്റ്റ് ഏറ്റെടുക്കാൻ തയാറാകുന്നത്. ഈ സാഹചര്യത്തിൽ തസ്തിക ഇങ്ങനെ നിൽക്കുന്നത് ജീവനക്കാരുടെ പ്രൊമോഷൻ സാധ്യത ഇല്ലാതാക്കുന്നതിനൊപ്പം പലരും പോസ്റ്റ് ഏറ്റെടുക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് തസ്തിക നിർത്തലാക്കുന്നത്. പിഎസ്‌സിയുടെ ശിപാർശ സർക്കാർ വിശദമായി ചർച്ച ചെയ്തതിന് ശേഷമാണ് തസ്തിക നിർത്താലാക്കാൻ തീരുമാനിച്ചത്.