റാന്നി: താലൂക്കിലെ മലയോര പ്രദേശമായ നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടിയിലെ പോസ്റ്റ് ഓഫീസ് പുനരുദ്ധരിച്ച് ഉദ്ഘാടനം നടത്തി. നാട്ടുകാരുടെ ഒത്തുരുമയിൽ പുനർജനിച്ച പോസ്റ്റ് ഓഫീസ് ഉദ്ഘാടനം ആഘോഷമായാണ് നടത്തിയത്. പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചു വരുന്ന കെട്ടിടം കാലപഴക്കത്താൽ ജീർണ്ണാവസ്ഥയിലായതിനെ തുടർന്ന് നാട്ടുകാർ ഒത്തുകൂടി നവീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴത്തെ താമസക്കാരുടെ പൂർവ്വികർ നടത്തിയ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ഫലമായാണ് അവിടെ പോസ്റ്റ് ഓഫീസ് അനുവദിച്ചതെന്നും അതിനാൽ അത് നഷ്ടപെടാതെ അടുത്ത തലമുറക്കുകൂടി ഉപകാരപ്പെടുവാൻ എല്ലാവരും ഒത്തുകൂടി സഹരിക്കണമെന്ന് പുനരുദ്ധാരണ സമതി അഭ്യർത്ഥിച്ചതോടെ നാട്ടിലെ പൊതു പ്രവർത്തകരായ യുവാക്കൾ അടക്കം രാഷ്ടീയ ഭേദം ഇല്ലാതെ ഒത്തുകൂടി. തുടര്‍ന്ന് പോസ്റ്റ് ഓഫീസിൻ്റെ പുനരുദ്ധാരണം രണ്ടു മാസം മുൻപ് പൂർണ്ണമായിരുന്നു.
സർക്കാർ സ്ഥാപനമായ പോസ്റ്റ് ഓഫീസ് പല സ്ഥലത്തും കെട്ടിടത്തിൻ്റെ അഭാവത്താൽ നഷ്ടപ്പെടുമ്പോൾ കുടമുരുട്ടിയിലെ ജനങ്ങളുടെ പ്രവർത്തനം മറ്റുള്ളവർക്കും മാതൃക കൂടിയാകുകയാണ്. നിലവിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫീസ് കെട്ടിടത്തിൻ്റെ പരിതാപകരമായ അവസ്ഥയിൽ നഷ്ടപ്പെട്ടു പോകുന്ന സ്ഥിതി അറിഞ്ഞതിനെ തുടർന്ന് പുനഃരുദ്ധാരണ ചെലവിലേക്ക് നാട്ടുകാരുടെ ഉദാരമായ സംഭാവന കൂടി എത്തിയതോടെ കാര്യങ്ങൾ വേഗത്തിലായി. കുടമുരുട്ടി പോസ്റ്റ് ഓഫീസിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സമതി കൺവീനറായി കെ.ആർ സുശീലനും ട്രഷറായി ഇ.വി ബിജു, ചെയർപേഴ്സൺ ഓമന പ്രസന്നൻ, വൈസ്. ചെയർപേഴ്സനായി സന്ധ്യാ അനിൽ കുമാര്‍ എന്നിവരാണ് പ്രവർത്തിച്ചത്. ഈ
ഒത്തൊരുമായാണ് ഇപ്പോൾ ഉദ്ഘാടനത്തിനും ആഘോഷത്തിനും നാട്ടുകാർക്ക് പ്രചോദനമായത്. ഉദ്ഘാടന യോഗത്തിൽ കെ ആർ സുശീലൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഓമന പ്രസന്നൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ സന്ധ്യ അനിൽകുമാർ, മിനി ഡൊമിനിക്ക് മുൻ പഞ്ചായത്ത് അംഗങ്ങളായ ടി.ടി മോഹന്‍, കെ എൻ ശിവരാജൻ, പോസ്റ്റൽ ഓവർസിയർ ആശ, കൺവീനർ മിഥുൻ മോഹനൻ എന്നിവർ പ്രസംഗിച്ചു.