സിറിയ : ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ കുടുങ്ങിക്കിടന്ന ഗർഭിണി പ്രസവിച്ചു. തൊട്ടുപിന്നാലെ ഇവർ മരണത്തിന് കീഴടങ്ങി. രക്ഷാപ്രവർത്തകരാണ് നവജാതശിശുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സിറിയയിലെ ആലപ്പൊ നഗരത്തിലാണ് സംഭവം.
തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ ഇരു രാജ്യങ്ങളിലുമായി 4300 പേർ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലോകാരോഗ്യസംഘടന നൽകുന്ന മുന്നറിയിപ്പ്. നിരവധി പേർക്ക് പരിക്കേറ്റ ഭൂകമ്പത്തിൽ ഇപ്പോഴും ആളുകള്‍ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ പുലർച്ചെ പ്രാദേശിക സമയം 4.17നാണ് തുർക്കിയേയും സിറിയയേയും നടുക്കിയ ഭൂകമ്പമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. പിന്നീട് മൂന്നുതവണ കൂടി തുടർ ചലനങ്ങളുണ്ടായി. അപകടത്തിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപൊത്തി.