റാന്നി : ഒന്നൊരുക്കം വിദ്യാ പ്രവേശ് സന്നദ്ധതാ പ്രവർത്തനങ്ങൾ കുരുന്നുകൾക്ക് ആവേശം ആകുന്നു. പുതിയ അന്തരീക്ഷം, പുതിയ അധ്യാപിക, പുതിയ സമയക്രമം, പുതിയ സഹപാഠികൾ എന്നിങ്ങനെ പുതുമയുടെ ലോകത്ത് എത്തുന്ന ഒന്നാം ക്ലാസുകാർക്ക് അപരിചിതത്വവും സമ്മർദ്ദവും ഇല്ലാതെ നിത്യവും വിദ്യാലയങ്ങളിൽ എത്താൻ ആന്തരിക പ്രചോദനം ഉണ്ടാകണം. അതിനായിയുള്ള കുട്ടികളുടെ പ്രകൃതമറിഞ്ഞുള്ള പ്രവർത്തനങ്ങളാണ് ഒന്നൊരുക്കം – വിദ്യാപ്രവേശിലൂടെ സമഗ്ര ശിക്ഷ കേരളം നടത്തിവരുന്നത്. സ്കൂൾ തുറന്ന ആദ്യത്തെ രണ്ട് ആഴ്ചകളിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രവർത്തനങ്ങൾ വിലയിരുത്താൻ ന്യൂ ഡൽഹി എൻ.സി.ഇ.ആർ.ടിയുടെ പ്രതിനിധി റാന്നി ബിആർസിയിൽ എത്തി.
ജില്ലയിൽ ഒന്നൊരുക്കം – വിദ്യാപ്രവേശ് അസ്സെസ്മെന്റിനായി എൻ.സി.ഇ.ആർ.ടി ആകെ തെരഞ്ഞെടുത്ത റാന്നി ബി.ആർ.സിയുടെ പരിധിയിലുള്ള ഗവൺമെൻറ് യു.പി സ്കൂൾ റാന്നി വൈക്കം, ഗവൺമെൻറ് യു.പി.സ്കൂൾ മാടമൺ, ഗവൺമെൻറ് എൽ.പി. സ്കൂൾ മാടമൺ നോർത്ത് എന്നീ വിദ്യാലയങ്ങളിലാണ് എൻസിഇആർടി പ്ലാനിങ് ആൻഡ് മോണിറ്ററിംഗ് ഡിവിഷനിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ പി.ഡി.സുഭാഷിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. ബി.പി.സി ഷാജി എ. സലാം, ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ ദീപ്തി എസ്, അനുഷ ശശി, അനിത എൻ.എസ് എന്നിവരും അദ്ദേഹത്തോടൊപ്പം വിദ്യാലയങ്ങൾ സന്ദർശിച്ചു. എൻ.സി.ഇആർ.ടി പ്രത്യേകം തയ്യാറാക്കിയ അസസ്മെൻറ് ടൂൾ ഉപയോഗിച്ചാണ് കുട്ടികളെ വിലയിരുത്തിയത്. എട്ട് കുട്ടികളെ വീതമാണ് അസസ്മെൻ്റിന് വിധേയമാക്കിയത്.
കഥ, പാട്ട്, കളികൾ, കൂട്ടായ പ്രവർത്തനങ്ങൾ, കരകൗശല പ്രവർത്തനങ്ങൾ, അഭിനയം മറ്റ് കൗതുകകരമായ ഇനങ്ങൾ തുടങ്ങി വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഒന്നാം ക്ലാസിൽ ഉടനീളം ഉണ്ട്. വികാസ മേഖലകളുമായി ബന്ധപ്പെട്ട പ്രീ-പ്രൈമറി ഒന്നാം ക്ലാസ് അനുഭവ വിടവ് പരിഹരിക്കുന്നതിന് സന്നദ്ധത പ്രവർത്തനങ്ങൾ സഹായകമാകും. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് അധ്യാപികയുമായി മാനസിക അടുപ്പം സ്ഥാപിക്കുന്നതിന് ഒന്നൊരുക്കം ഏറെ സഹായിക്കുന്നു. കുട്ടികളുടെ കഴിവുകളും പരിമിതികളും മനസ്സിലാക്കി അനുയോജ്യമായ പിന്തുണ നൽകി മുഖ്യധാരയിൽ നിലനിർത്താൻ ഒന്നൊരുക്കം വിദ്യാ പ്രവേശ് ഏറെ സഹായകമാവും. സന്നദ്ധ പ്രവർത്തനങ്ങൾ വീടുകളിൽ സജ്ജമാക്കാൻ ‘വീട് ഒരുക്കം ഒന്നൊരുക്കം’ പരിപാടിയും സമാന്തരമായി നടത്തിവരുന്നു. പ്രത്യേകം രക്ഷിതാക്കൾക്ക് നിർദേശങ്ങളും വീട്ടിൽ ചെയ്യേണ്ട പ്രവർത്തനങ്ങളും വിദ്യാലയങ്ങളിൽ നിന്നും യഥാസമയം നൽകിവരുന്നു. റാന്നി ബി.പി.സി നൽകിയ വായനാ സാമഗ്രികൾ ഡോ. പി.ഡി സുഭാഷ് വിതരണം കുട്ടികൾക്ക് വിതരണം ചെയ്തു.