റാന്നി: പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലെ തെരുവു നായകളുടെ സാന്നിധ്യം സഞ്ചാരികള്‍ക്ക് ഭീഷണിയാവുന്നു. കഴിഞ്ഞ ആഴ്ച കുറുനരിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നായകളാണ് ഇവിടെ കഴിയുന്നത്. അന്ന് ആക്രമകാരിയായ കുറുനരിക്ക് പേവിഷബാധ സ്ഥിരീകരിച്ചതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ടൂറിസം കേന്ദ്രത്തിലെ വാഹന പാര്‍ക്കിംങ് സ്ഥലത്തും നദീ തീരത്തുമായിട്ടാണ് ഈ നായകള്‍ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നവോദയ, താന്നിയ്ക്കാപുഴ ഇടത്തിക്കാവ് മേഖലകളില്‍ ഭീകരാന്തരീഷം സൃഷ്ടിച്ച കുറുനരിയാണ് ഈ നായകളേയും ആക്രമിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കുറുനരിയുടെ ആക്രമണത്തില്‍ അന്ന് മൂന്നു പേര്‍ക്കും നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു. പിന്നീട് ചത്ത നിലയില്‍ കണ്ട കുറുനരിക്ക് പേവിഷ ബാധയുണ്ടായിരുന്നെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കടിയേറ്റ വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ ചികിത്സകള്‍ നടത്തിയിരുന്നു. എന്നാല്‍ തെരുവു നായകളെ പിടികൂടാനോ പ്രതിരോധ കുത്തിവെപ്പ് എടുക്കുവാനോ കഴിഞ്ഞിട്ടില്ല. ഈ നായകളുടെ ആക്രമണം ഉണ്ടാകുമെന്ന ഭയപ്പാടിലാണ് നാട്ടുകാര്‍ ഇപ്പോള്‍. കൂടാതെ സന്ധ്യയാകുന്നതോടെ പ്രദേശം വെളിച്ചമില്ലാതെ ഇരുട്ടിലാവുകയും ചെയ്യും. ഇവിടെ വെളിച്ചത്തിന് സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ രണ്ടെണ്ണം ഒഴികെ എല്ലാം തെളിയാതെ ആയിട്ട് നാളുകളായി. സഞ്ചാരികളുടെ സുരക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.